അബുദാബി: ഡെലിവറി ജീവനക്കാർക്കായി വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കാനൊരുങ്ങി അബുദാബി നഗരസഭ. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പാണ് ഡെലിവറി റൈഡേഴ്‌സ് ഹബ്ബ് എന്ന പേരിൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.
ഡെലിവറി ജീവനക്കാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി.
ഓരോ ഡെലിവറിയും പൂർത്തിയാക്കിയ ശേഷം അടുത്ത ഓഡർ ലഭിക്കുന്നതുവരെ ജീവനക്കാർക്ക് ഈ കേന്ദ്രങ്ങളിൽ സൗകര്യപൂർവം വിശ്രമിക്കാൻ സാധിക്കും.
ശക്തമായ ചൂടിലും മോശം കാലാവസ്ഥയിലും റോഡരികിലും മറ്റും ഡെലിവറി ജീവനക്കാർ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.
ശീതീകരിച്ച വിശ്രമകേന്ദ്രം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യം, ബൈക്ക് നിർത്തിയിടാൻ പാർക്കിങ് സ്പേസ് എന്നിവയുൾപ്പെടെയാണ് വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുക.