ജിദ്ദ: റിയാദ് പ്രവിശ്യയിലെ അൽഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട മലയാളിയുടെ ആന്തരിക അവയവങ്ങൾ അതേ ആശുപത്രിയ്ക്ക് ദാനമായി നൽകിയതായി അവിടുത്തെ സ്റ്റാഫ് നേഴ്‌സ് കൂടിയായ ഏക മകൾ പിങ്കി അറിയിച്ചു. മൃതദേഹം സംസ്കരിക്കുന്നതിനായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അവർ പറഞ്ഞു.
കോട്ടയം മേവള്ളൂർ വെള്ളൂർ, ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ് (61) ആണ് മരിച്ചത്. ഭാര്യ: മേരി. തബൂക്കിലെ നിയോം സിറ്റിയിൽ ജോലി ചെയ്യുന്ന ജിൻസ് ഏക മകനാണ്.
നാല് മാസങ്ങൾക്ക് മുമ്പാണ് പിങ്കിയുടെ അടുത്തേക്ക് സന്ദർശന വിസയിൽ വർക്കി എത്തിയത്. മരണം സംഭവിക്കുന്നതിന് 20 ദിവസം മുമ്പ് മസ്തിഷ്കാഘാതമുണ്ടാവുകയും അതിനെത്തുടർന്ന് കിംഗ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു. അതിനിടയിലാണ് അന്ത്യം.
തുടർന്ന്, കുടുംബത്തിന്റെ അനുമതിയോടെ ആന്തരികാവയവങ്ങൾ വൃക്ക, കരൾ, നേത്രപടലം എന്നിവ ദാനമായി മറ്റ് രോഗികൾക്ക് മാറ്റിവെച്ചതായി ഇതിന് മുന്നിൽ നിന്ന മകൾ പിങ്കി വിവരിച്ചു.
സൗദിയിൽ തന്നെ ജോലി ചെയ്യുന്ന ഏക സഹോദരൻ ജിൻസ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി ആലോചിച്ച ശേഷം പിങ്കി സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.