കൗശാംബി: ഉത്തര്‍പ്രദേശിലെ കൗശാമ്പി ജില്ലയില്‍ 19കാരിയെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തി യുവാക്കള്‍. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ തന്നെയാണ് കൊടുംക്രൂരത ചെയ്തത്.
കേസില്‍ പ്രതികള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കൊലയാളികളായ അശോകനും പവന്‍ നിഷാദും ഒരു കൊലപാതക കേസില്‍ ഏതാനും ദിവസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
കൗശാംബി ജില്ലയിലെ മഹെവാഘട്ടിനടുത്തുള്ള ധേര്‍ഹ ഗ്രാമത്തില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. വഴിയില്‍ മാരകായുധങ്ങളുമായി കാത്തുനിന്ന പ്രതികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളാണിവര്‍. പീഡന പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് എസ്.പി അറിയിച്ചു.