അഹമ്മദാബാദിൽ ഏകദിന ലോകകപ്പ് ഫൈനൽ നടക്കവേ ‘STOP BOMBING PALESTINE’ എന്നെഴുതിയ ടീഷർട്ടും ധരിച്ച് ക്രീസിൽ ബാറ്റ് ചെയ്യുകയായിരുന്ന വിരാട് കൊഹ്‌ലിക്കരുകിലെത്തിയ യുവാവ് ആരായിരുന്നു ?
ആ വ്യക്തിയുടെ പേര് വാൻ ജോൺസൺ (VAN JOHNSON) എന്നാണ്. ആസ്‌ത്രേലിയൻ സ്വദേശിയാണ്.
ചൈനീസ് പിതാവിനും ഇന്തോനേഷ്യക്കാരിയായ മാതാവിനും ജനിച്ച 24 കാരനായ ഇദ്ദേഹം സമ്പാദിക്കുന്ന പണം മുഴുവൻ ഇതുപോലെ വിവിധരാജ്യങ്ങളിൽ പോയി പലതരം മത്സരങ്ങൾ വീക്ഷിക്കുന്നതിനും അതിനിടെ സ്റ്റേഡിയങ്ങളിൽ അതിക്രമിച്ചുകയറി ലോകശ്രദ്ധ പിടിച്ചുപറ്റുന്നതിനും വേണ്ടിയാണ് ചെലവഴിക്കുന്നത്.
ഇന്ത്യയിൽ അദ്ദേഹം അതിക്രമിച്ച് ക്രീസിൽ എത്തിയ രംഗം കോടിക്കണക്കിനാൾക്കാരാണ് കണ്ടത്. വാൻ ജോൺസൺ ആഗ്രഹിച്ചതും അതാണ്. പ്രസിദ്ധനാകുക എന്നതുമാത്രമാണ് അയാളുടെ ലക്‌ഷ്യം. പച്ചയും കറുപ്പും ചുവപ്പും വെള്ളയും നിറങ്ങളുള്ള ഒരു മാസ്ക്കും ഇയാൾ ധരിച്ചിരുന്നു. ഈ നിറങ്ങൾ പലസ്തീനെ സഹായിക്കുക എന്നർത്ഥത്തിലുള്ളവയാണ്.
2020 ൽ അമേരിക്കയിലെ ഒരു റഗ്ബി മത്സരത്തിനിടെ മൈതാനത്ത് അതിക്രമിച്ചുകടന്നതിന് ഇയാൾക്ക് 200 ഡോളർ പിഴ ചുമത്തിയിരുന്നു.
2023 ൽ അമേരിക്കയിലെ വനിതകളുടെ ഒരു ടെന്നീസ് മത്സരവേദിയിലും സമാനമായ രീതിയിൽ അനധികൃതമായി ഗ്രൗണ്ടിൽ പ്രവേശിച്ചതിന് വാൻ ജോൺസണ് 500 ഡോളർ പിഴ ചുമത്തിയിരുന്നു.
അഹമ്മാദാബാദിലെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം സപ്പോർട്ടറായി നീല ടീ ഷർട്ട് ധരിച്ച് ഗേറ്റ് നമ്പർ ഒന്നുവഴിയാണ് ഇയാൾ അകത്തുകടന്നത്. സ്റ്റേഡിയത്തിൽ നിന്ന് കാണികളിൽ ആരും ഫീൽഡിലേക്ക് കടക്കാതി രിക്കാനായി 6.5 അടി ഉയരമുള്ള മുള്ളുവേലിയാണ് നാട്ടിയിരുന്നത് ഇത് ചാടിക്കയറിയാണ് അയാൾ ഗ്രൗണ്ടിൽ പ്രവേശിച്ചത്. കയ്യിൽ പരുക്കും പറ്റിയിട്ടുണ്ട്.
ഇത്രയേറെ ജനങ്ങൾ ഒത്തുകൂടുന്ന ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനത്ത് ഇതുപോലൊരു സാഹസം നടത്തി കൂടു തൽ പ്രശസ്തനാകുകയെന്നതായിരുന്നു തൻ്റെ ലക്ഷ്യമെന്ന് വാൻ ജോൺസൺ പോലീസിനോട് പറഞ്ഞു. താൻ എല്ലാ യുദ്ധങ്ങൾക്കും എതിരാണെന്നും വിരാട്ട് കോഹ്‌ലിയും തന്നെപ്പോലെ ചിന്തിക്കുന്ന വ്യക്തിയാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനരുകിലെത്തി അഭിനന്ദിക്കാൻ ശ്രമിച്ചതെന്നും ജോൺസൺ മാദ്ധ്യമങ്ങളോട് വിവരിച്ചു,
വാൻ ജോൺസണെതിരെ FIR രജിസ്റ്റർ ചെയ്ത് കേസ് ക്രൈം ബ്രാഞ്ചിനുവിടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി ജോൺസണെ ഒരു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.