ഗുരുഗ്രാം: ഗൂഗിളില്‍ ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെരഞ്ഞ യാത്രക്കാരനില്‍ നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഊബര്‍ ഡ്രൈവര്‍ നൂറ് രൂപ അധികം ചാര്‍ജ് ചെയ്തതിനെതിരെ പരാതി നല്‍കാനാണ് യുവാവ് ഗൂഗിളില്‍ ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തെരഞ്ഞത്. 
എന്നാല്‍, ഇതോടെ ഇയാളുടെ പണം നഷ്ടപ്പെടുകയായിരുന്നു. നാലു ഇടപാടുകളിലായി അക്കൗണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഗുരുഗ്രാം സ്വദേശിയായ പ്രദീപ് ചൗധരിക്കാണ് പണം നഷ്ടപ്പെട്ടത്. വീട്ടില്‍ നിന്ന് ഗുരുഗ്രാമിലേക്ക് പോകാനാണ് ഊബര്‍ ബുക്ക് ചെയ്തത്. 205 രൂപയാണ് നിരക്ക് കാണിച്ചിരുന്നത്. എന്നാല്‍, ഊബര്‍ ഡ്രൈവര്‍ 318 രൂപ ഈടാക്കി. 
കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ റീഫണ്ട് ലഭിക്കുമെന്ന് പറഞ്ഞ് ഡ്രൈവര്‍ പോയി. തുടര്‍ന്ന് ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പറിനായി ഗൂഗിളില്‍ തെരഞ്ഞതോടെ പണം നഷ്ടമാകുകയായിരുന്നു. ഊബര്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്ന വ്യാജേന ഗൂഗിളില്‍ നല്‍കിയിരിക്കുന്ന നമ്പറിലേക്ക് വിളിച്ച പ്രദീപിനെ രാകേഷ് മിശ്ര എന്നയാളിലേക്കാണ് ഫോണ്‍ റീഡയറക്ട് ചെയ്തത്. 
നൂറ് രൂപ കിട്ടാന്‍ ‘Rust Desk app’ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ രാകേഷ് മിശ്ര ആവശ്യപ്പെട്ടു. തുടര്‍ന്ന് പേടിഎം തുറന്ന് rfnd112 എന്ന് മെസേജ് ചെയ്യാനും പറഞ്ഞു. ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്തു. അക്കൗണ്ട് വെരിഫിക്കേഷനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഫോണ്‍ നമ്പര്‍ തട്ടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *