ഗസ്സ: ഗസ്സയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രയേലുമായി സന്ധി കരാറിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഹമാസ് തലവൻ.
ഹമാസ് ഉദ്യോഗസ്ഥർ ഇസ്രയേലുമായി ഉടമ്പടി കരാറിലെത്താൻ അടുത്തുവെന്നും ഖത്തറി മധ്യസ്ഥർക്ക് സംഘം മറുപടി നൽകിയിട്ടുണ്ടെന്നും ഇസ്മായിൽ ഹനിയ്യ അറിയിച്ചു.
എന്നാൽ കരാർ എത്രനാൾ നീണ്ടുനിൽക്കും, ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, ഇസ്രായേലിലെ ഫലസ്തീൻ തടവുകാർക്കായി ഹമാസ് കൈവശം വച്ചിരിക്കുന്ന ഇസ്രായേലി ബന്ദികളെ കൈമാറൽ എന്നിവയെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നതെന്ന് ഹമാസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഇരുവിഭാഗവും സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുമെന്നും ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ഇസത്ത് എൽ റെഷിഖ് പറഞ്ഞു. ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് 240 ഓളം പേരെ ബന്ദികളാക്കിയിരുന്നു.
മൂന്ന് ദിവസത്തെ വെടിനിർത്തലിന് പകരമായി 50 ബന്ദികളെ കൈമാറാൻ ഖത്തറി മധ്യസ്ഥർ ഹമാസും ഇസ്രായേലും ഒരു കരാറിന് ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തു. ഇത് ഗസ്സയിലെ സാധരണ ജനത്തിന് അടിയന്തര സഹായം നൽകുന്നത് വർധിപ്പിക്കാൻ കഴിയും.