ജനാധിപത്യ ഭരണക്രമത്തില്‍ ഏതു സര്‍ക്കാരും അതിന്‍റേതായ പരിപാടികള്‍ ആവിഷ്കരിക്കും. ഭരണനേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാനും ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും കേള്‍ക്കാനും ഒരു സാഹചര്യം ഉണ്ടാക്കുക എന്നതുതന്നെയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യം. കൂടാതെ ഭരണത്തിന്‍റെ വിവിധ തലങ്ങളെയും ഉദ്യോഗസ്ഥരെയുമെല്ലാം ഉണര്‍ത്തി സജീവമാക്കാനും.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും ഉദ്യോഗസ്ഥരും എംഎല്‍എമാരും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ കേരളമൊട്ടാകെ നടത്തുന്ന പര്യടനത്തിന് നവകേരള സദസ് എന്നു പേര്.
ശനിയാഴ്ച വൈകിട്ട് കേരളത്തിന്‍റെ വടക്കേ അറ്റത്തെ നിയമസഭാ മണ്ഡലമായ മഞ്ചേശ്വരത്തു തുടങ്ങിയ നവകേരള സദസ് 140 കേന്ദ്രങ്ങളില്‍ ജനങ്ങളുമായി സംവദിച്ച് ഡിസംബര്‍ 23 -ന് തിരുവനന്തപുരത്തു സമാപിക്കും.

സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ നാട്ടുകാരെ നേരിട്ടറിയിക്കുക എന്നതു തന്നെയാണ് നവകേരള സദസിന്‍റെ ലക്ഷ്യം. ഒപ്പം സാധാരണക്കാരായ ജനങ്ങളുമായി സംവദിക്കുക, അവരുടെ പ്രശ്നങ്ങളും പരാതികളും കേള്‍ക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്

കേരളത്തിന്‍റെ മുഴുവന്‍ മന്ത്രിസഭയുമാണ് ഇങ്ങനെ നിയമസഭാ മണ്ഡലങ്ങളെയെല്ലാം തൊട്ടുരുമ്മി കടന്നു വരുന്നത്. അതിന് അതിന്‍റേതായ പുതുമയുണ്ട്. ഏറെ പ്രത്യേകതകളും.
പ്രതിപക്ഷം സര്‍ക്കാരിന്‍റെ ഈ പരിപാടിയോടു സഹകരിക്കുന്നില്ല എന്നത് സ്വാഭാവികം മാത്രം. ഭരണപക്ഷം നടത്തുന്ന ഏതു പൊതു പരിപാടികളും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടാകും. അത് ഒരിക്കലും പ്രതിപക്ഷത്തിനു സ്വീകാര്യമാകില്ല താനും.
ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനോടൊപ്പം സിപിഎമ്മും നില്‍ക്കുന്നുണ്ടെങ്കിലും കേരളത്തില്‍ രണ്ടു കക്ഷികളും പരസ്പരം കൊമ്പു കോര്‍ത്തു തന്നെയാണു നില്‍പ്പ്. ഭരണപക്ഷം ചെയ്യുന്ന ഒരു കാര്യത്തെയും അംഗീകരിക്കാതിരിക്കുക എന്നത് പ്രതിപക്ഷത്തിന്‍റെ സ്വാഭാവിക രാഷ്ട്രീയം മാത്രം.
പക്ഷേ പ്രതിപക്ഷ കക്ഷിയായ മുസ്ലിം ലീഗിനുമേലേ സിപിഎം കണ്ണുവച്ചിട്ടുണ്ടെന്ന കാര്യം കേരള രാഷ്ട്രീയത്തില്‍ അത്ര പുതുമയുള്ള കാര്യമല്ല. പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയപ്പോള്‍ ക്ഷണം കിട്ടിയാല്‍ മുസ്ലിം ലീഗും പങ്കെടുക്കുമെന്ന ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവന ഉദാഹരണം.
കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയതിനേ തുടര്‍ന്ന് ലീഗ് നേതൃത്വം യോഗം ചേര്‍ന്ന് ഇ.ടിയുടെ പ്രസ്താവന തിരുത്തിയെങ്കിലും ആ പ്രസ്താവന പാര്‍ട്ടിയിലുണ്ടാക്കിയ ആശയക്കുഴപ്പം ചില്ലറയായിരുന്നില്ല. ഒടുവില്‍ നവകേരള സദസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലേഖനം ലീഗിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ചന്ദ്രിക’ ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

കാസര്‍കോട്ട് മുസ്ലിം ലീഗ് നേതാവ് എന്‍.എ അബൂബക്കര്‍ മുഖ്യമന്ത്രിയോടും മന്ത്രിസഭാംഗങ്ങളോടുമൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനെത്തിയത് വലിയ വിവാദമായി കത്തിപ്പടരുക തന്നെ ചെയ്തു

മുസ്ലിം ലീഗ് അംഗങ്ങളാരും തന്നെ സിപിഎമ്മിന്‍റെ നവകേരള സദസില്‍ പങ്കെടുക്കാന്‍ പോകില്ലെന്ന സംസ്ഥാനാദ്ധ്യക്ഷന്‍ പാണക്കാട്ട് സാദിക്കലി തങ്ങളുടെ പ്രസ്താവന എടുത്തുകാട്ടി എന്‍.എ അബൂബക്കറിന്‍റെ നടപടിയെ ചെറുതാക്കി കാണിക്കാന്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയെപ്പോലെയുള്ളവര്‍ ശ്രമിച്ചുവെങ്കിലും സിപിഎം ഗൗനിച്ചതേയില്ല. അബൂബക്കര്‍ക്ക് മുഖ്യമന്ത്രിയോട് വളരെയടുത്ത് ഇരിപ്പിടം സജ്ജീകരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കുകയും ചെയ്തു. 
യുഡിഎഫില്‍ അടിയുറച്ചു നില്‍ക്കുന്ന പാര്‍ട്ടി തന്നെയാണ് മുസ്ലിം ലീഗ്. സാധാരണ പ്രലോഭനങ്ങളിലൊന്നും വീഴാന്‍ തയ്യാറാവാത്ത പാര്‍ട്ടി. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന സ്ഥാനവും ലീഗിനുണ്ട്. കോണ്‍ഗ്രസും ലീഗുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ ചരിത്രവുമുണ്ട്.
പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടി രണ്ടാമതും അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസിനൊപ്പം രണ്ടാമതും പ്രതിപക്ഷത്തിരിക്കുകയാണ് മുസ്ലിം ലീഗ് എന്ന സത്യം അവശേഷിക്കുന്നു. ഭരണത്തിന്‍റെ ശീതളഛായയില്ലാതെ, പ്രതിപക്ഷത്തെ പൊരിവെയിലത്താണ് ആ ഇരുപ്പ്.
ഏതാനും മാസങ്ങള്‍ക്കു ശേഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനാകുമോ എന്ന ചോദ്യവും ഉയരുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകാവുന്ന മാറ്റം എന്തൊക്കെ എന്ന ചോദ്യവും പ്രസക്തം.

നവകേരള സദസ് വെറുമൊരു കേരള പര്യടനമല്ല. പാര്‍ട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയാടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ട് വിദഗ്ദ്ധമായി ആലോചിച്ചു നടപ്പാക്കുന്ന പരിപാടി തന്നെയാണത്. അതില്‍ രാഷ്ട്രീയമുണ്ട്

പ്രതിപക്ഷത്തിനും ഇതുപോലെ രാഷ്ട്രീയ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാം. കോണ്‍ഗ്രസിനു കേരളത്തില്‍ നല്ലൊരു അടിത്തറയുണ്ട്. ജനകീയ പിന്തുണയുണ്ട്. സംഘടന ശക്തിപ്പെടുത്തിയും യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു എന്നിങ്ങനെ പോഷക സംഘടനകളെ ഊര്‍ജസ്വലമാക്കിയും കോണ്‍ഗ്രസ് നേതൃത്വത്തിന് സംസ്ഥാനത്തു നല്ല സാന്നിദ്ധ്യം ഉറപ്പാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകേണ്ടതില്ല. മുസ്ലിം ലീഗിനെപ്പോലെ പ്രബലമായൊരു പാര്‍ട്ടി ഒപ്പമുള്ളത് കോണ്‍ഗ്രസിനും മുന്നണിക്കും നല്‍കുന്ന കരുത്തും ചില്ലറയല്ല.
സിപിഎമ്മിനെയും സര്‍ക്കാരിനെയും കുറ്റം പറഞ്ഞും ആക്ഷേപം ചൊരിഞ്ഞും കോണ്‍ഗ്രസിന് എത്രകാലം മുന്നോട്ടു പാകാന്‍ കഴിയും ? 
2018 -ലെ പ്രളയകാലത്തും പിന്നീട് കോവിഡ് മഹാമാരിക്കാലത്തും ദിവസവും ഒരു മണിക്കൂര്‍ നേരം മാധ്യമ പ്രവര്‍ത്തകരോടു സംവദിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വെല്ലുവിളികളെ നേരിട്ടതും 2021 -ല്‍ ഭരണത്തുടര്‍ച്ച നേടിയതും.
ഇതാ, ഇപ്പോള്‍ കാലത്തെ പ്രഭാത ഭക്ഷണം മുതല്‍ രാത്രി വരെ നീളുന്ന നവകേരള സദസ്. ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേയ്ക്കു നീളുന്ന കേരള മന്ത്രിസഭ. ഒപ്പം ചീഫ് സെക്രട്ടറി മുതല്‍ ഉദ്യോഗസ്ഥരുടെ വന്‍ നിര. ഡിസംബര്‍ 23 വരെ എല്ലാ ദിവസവും മണ്ഡലങ്ങളില്‍ നിന്നു മണ്ഡലങ്ങളിലേയ്ക്ക്. പണ്ടുകാലത്തെ അശ്വമേധം പോലെ.
പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണു പിണറായി. കോണ്‍ഗ്രസ് ഓര്‍ക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *