വിവിധ കാരണങ്ങള്‍ കൊണ്ട് വിവിധ തീവ്രതയില്‍ തലവേദന അനുഭവപ്പെടാം.പൊതുവെ എല്ലാവരും നിസാരമായി കണക്കാക്കുന്നൊരു അസുഖമാണ് തലവേദന. എന്നാല്‍ തുടര്‍ച്ചയായി തലവേദന വന്നും പോയുമിരിക്കുന്ന അവസ്ഥയും അസഹ്യമായ രീതിയില്‍ വേദന വരുന്നതുമൊന്നും നിസാരമായി കണക്കാക്കാനേ സാധിക്കില്ല. ഇവയ്ക്ക് പിന്നിലെല്ലാം എന്തെങ്കിലും തരത്തിലുള്ള ഗൗരവതരമായ കാരണങ്ങളുണ്ടാകാം.
മൈഗ്രേയ്നെ കുറിച്ച് മിക്കവരും കേട്ടിരിക്കും. അസഹനീയമായ തലവേദനയാണ് മൈഗ്രേയ്നിന്‍റെ പ്രത്യേകത. എന്തുകൊണ്ടാണ് മൈഗ്രേയ്ൻ പിടിപെടുന്നത് എന്ന് വ്യക്തതയില്ലാത്തതിനാല്‍ തന്നെ ഇതിനെ ഭേദപ്പെടുത്താനും പ്രയാസമാണ്. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങളോളം വരെ നീണ്ടുനില്‍ക്കുന്ന വേദനയും മൈഗ്രേയ്നിന്‍റെ പ്രത്യേകതയാണ്.
തലയുടെ ഒരു ഭാഗത്ത് വേദന, കുത്തുന്നത് പോലെയുള്ള വേദന, കായികാധ്വാനത്തെ തുടര്‍ന്ന് വേദന വരിക, നേരത്തെ സൂചിപ്പിച്ചത് പോലെ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുക എന്നിവയെല്ലാം മൈഗ്രേയ്നെ തിരിച്ചറിയാനുള്ള സൂചനകളാണ്.
ഏതാണ്ട് കൗമാരകാലത്തില്‍ തുടങ്ങി 35-45 വയസിനുള്ളില്‍ ‘ആക്ടീവ്’ ആകുന്ന രീതിയാണ് മൈഗ്രേയ്നുള്ളത്. ജീവിതരീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതും, മൈഗ്രേയ്നിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്ന ചില സാഹചര്യങ്ങളൊഴിവാക്കുന്നതുമെല്ലാമാണ് ഇതിനെ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍.
നമ്മള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസിലൂടെ കടന്നുപോകുന്നുണ്ടെങ്കില്‍ അതും തലവേദനയിലേക്ക് നയിക്കാം. ടെൻഷൻ തലവേദനയാണ് ഏറ്റവുമധികം പേര്‍ അനുഭവിക്കുന്ന തലവേദന. ഈ തലവേദന വന്നും പോയും കൊണ്ടിരിക്കുന്നതായിരിക്കും. മാസത്തില്‍ 15 ദിവസവും വേണമെങ്കില്‍ ഇത് എപ്പിസോഡുകളായി അനുഭവപ്പെടാം.
തലയ്ക്ക് പ്രഷര്‍ അനുഭവപ്പെടുകയും മുറുക്കം തോന്നുകയും ചെയ്യുന്ന തരം വേദനയാണ് ടെൻഷൻ തലവേദനയുടെ പ്രത്യേകത. ഇതും പക്ഷേ ദിവസങ്ങളോളം നീണ്ടുനില്‍ക്കാം.
സ്ട്രെസ് കുറയ്ക്കാനുള്ള മെഡിറ്റേഷൻ, യോഗ, വ്യായാമം, മാനസികസന്തോഷം ഉറപ്പുവരുത്താനുള്ള ക്രിയാത്മകമോ കായികമോ ആയ വിനോദങ്ങള്‍, സുഖകരമായ ഉറക്കം എന്നിവയിലൂടെ ടെൻഷൻ തലവേദനയെ വലിയൊരു പരിധി വരെ മറികടക്കാവുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ചെയ്തുനോക്കിയ ശേഷവും തലവേദന തുടരുന്നുവെങ്കില്‍ അത് ടെൻഷൻ തലവേദനയല്ലെന്ന് മനസിലാക്കാം.
ക്ലസ്റ്റര്‍ ഹെഡ്ഡേക്ക് എന്ന വിഭാഗത്തില്‍ പെടുന്ന തലവേദനയാണെങ്കില്‍ അസഹ്യമായിരിക്കും. ഇത് പക്ഷേ ആയിരത്തിലൊരാള്‍ക്ക് എന്ന നിലയിലേ ബാധിക്കൂ. കണ്ണിന് ചുറ്റുമായി അസഹ്യമായ വേദന, കണ്ണില്‍ നിന്ന് നീര് പുറപ്പെട്ടുവരിക, കണ്ണില്‍ ചുവപ്പുനിറം പടരുക, മൂക്കടപ്പോ മൂക്കൊലിപ്പോ, കണ്‍പോള തൂങ്ങിവീണുകൊണ്ടിരിക്കുക എന്നിവയെല്ലാം ക്ലസ്റ്റര്‍ ഹെഡ്ഡേക്കിന്‍റെ ലക്ഷണങ്ങളാണ്.
മരുന്നുകളുടെ അമിതോപയോഗം മൂലമുള്ള തലവേദനയും ചിലരില്‍ പ്രശ്നമാകാറുണ്ട്. തലവേദനയാണെന്ന് കണ്ട് എപ്പോഴും ഇതിനുള്ള മരുന്ന് വാങ്ങി കഴിക്കുന്ന നിരവധി പേരുണ്ട്. ഇങ്ങനെ ഏറെക്കാലം തലവേദനയ്ക്കുള്ള മരുന്ന് കഴിക്കുന്നതിന്‍റെ ഫലമായിട്ടാണ് അധികവും ഈ തലവേദന വരിക. ടെൻഷൻ കഴിഞ്ഞാല്‍പ്പിന്നെ ഏറ്റവുമധികം തലവേദനയ്ക്ക് കാരണമാകുന്നത് ഇതാണത്രേ.
തുടര്‍ച്ചയായി ഒരേ അളവില്‍ വേദന വരിക, നിത്യജീവിതത്തിലെ മറ്റ് കാര്യങ്ങളിലേക്കൊന്നും പോകാൻ അനുവദിക്കാത്ത വിധം രൂക്ഷമായ വേദന എല്ലാം ഇതിന്‍റെ പ്രത്യേകതയാണ്. മരുന്നിനെ ആശ്രയിച്ചാല്‍ ഉടനെ മാറുകയും ചെയ്യും. പക്ഷേ വീണ്ടും ഇതുപോലെ തിരികെ വരാം.
എന്തായാലും തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുകയാണെങ്കില്‍ അതൊരു ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടത് തന്നെയാണ്. വീട്ടിലിരുന്നുള്ള സ്വയം നിര്‍ണയം ആരോഗ്യത്തിന് ആപത്താണെന്ന് മനസിലാക്കുക.