വിയന്ന: മോള്‍ഡോവയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വാന്‍ഡെര്‍ ബെല്ലെന് ഔപചാരിക സ്വീകരണത്തിനിടയില്‍ നായയുടെ കടിയേറ്റു. മോള്‍ഡോവന്‍ പ്രസിഡന്‍റ് മയ സാന്‍ഡുവിന്‍റെ വളര്‍ത്തുനായ കോഡ്രറ്റാണ് അതിഥിയുടെ വലതുകൈവിരലില്‍ കടിച്ചത്.
ചെറിയ മുറിവുണ്ടെന്നും ചികിത്സിച്ചു ബാന്‍ഡേജ് ചുറ്റിയെന്നും ഓസ്ട്രിയന്‍ പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. മോള്‍ഡോവന്‍ തലസ്ഥാനമായ ചിസിനൗവില്‍വച്ചാണ് സംഭവം.
യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള മോള്‍ഡോവയുടെ അഭ്യര്‍ഥനയെക്കുറിച്ചു ചര്‍ച്ചയ്ക്കെത്തിയതായിരുന്നു വാന്‍ഡെര്‍ ബെല്ലെന്നും സ്ളൊവേനിയന്‍ പ്രസിഡന്‍റ് നടാഷ പിര്‍ക് മുസറും. ഇവര്‍ക്കൊപ്പം നടന്നുനീങ്ങുമ്പോള്‍ അംഗരക്ഷകരുടെ സമീപത്തുണ്ടായിരുന്ന നായയെ മയ സാന്‍ഡു ഓമനിച്ചു. ഇതുകണ്ട് അടുത്തെത്തിയപ്പോഴാണ് ഓസ്ട്രിയന്‍ പ്രസിഡന്‍റിന്‍റെ വലതു കൈവിരലില്‍ നായ കടിച്ചത്. താനൊരു നായസ്നേഹിയാണെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും വാന്‍ഡെര്‍ ബെല്ലെന്‍ പറഞ്ഞു.
അപകടത്തില്‍ ഒരു കാല്‍ നഷ്ടമായ നായയാണ് കോഡ്രറ്റ്. മാള്‍ഡോവയുടെ പ്രഥമ വനിതാ പ്രസിഡന്‍റായ മയ സാന്‍ഡു ഇതിനെ തെരുവില്‍ നിന്ന് ഏറ്റെടുക്കുകയായിരുന്നു. നിരവധിയാളുകളെ കണ്ട് നായ പരിഭ്രമിച്ചതിനാലാണ് കടിച്ചതെന്ന് മയ സാന്‍ഡു പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *