കോഴിക്കോട്- നവതി ആഘോഷിക്കുന്ന എം.ടി. വാസുദേവൻ നായരുടെ പ്രഥമ സിനിമയായ നിർമാല്യത്തിന് 50 തികയുന്നു. 1973 നവംമ്പർ 23നാണ് നിർമാല്യം തിയേറ്ററുകളിലെത്തിയത്. മികച്ച സിനിമക്കും മികച്ച നടനുമുള്ള ദേശീയ പുരസ്‌കാരം നേടിയ നിർമാല്യം സംസ്ഥാന സർക്കാറിന്റെ മികച്ച സിനിമ, നടൻ, ചിത്ര സംയോജനം, തിരക്കഥ എന്നിവക്കുള്ള പുരസ്‌കാവും കരസ്ഥമാക്കി. നിർമാല്യത്തിൽ നായകനായ വെളിച്ചപ്പാടിനെ അവതരിപ്പിച്ച പി.ജെ. ആന്റണിക്കാണ് മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചത്. രവിയായിരുന്നു ചിത്ര സംയോജനം നിർവഹിച്ചത്. 
എം.ടി. എഴുതിയ പള്ളിവാളും കാൽച്ചിലമ്പും എന്ന കഥയെ അടിസ്ഥാനമാക്കി എം.ടി. തന്നെ തിരക്കഥയെഴുതി നോവൽ ഫിലിംസ് എന്ന ബാനറിൽ നിർമാണവും സംവിധാനവും നിർവഹിച്ച നിർമാല്യത്തിലാണ് പിന്നീട് പ്രശസ്ത താരങ്ങളായി മാറിയ സുകുമാരനും സുചിത്രയും ആദ്യമായി അഭിനയിക്കുന്നത്. 
ഒരു പ്രദേശത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. വെളിച്ചപ്പാടിന്റെ ഏക വരുമാനം അമ്പലവുമായി ബന്ധപ്പെട്ട് ലഭിക്കുന്നതാണ്. വെളിച്ചപ്പാടിന്റെ വീട് ഏറെക്കുറെ പട്ടിണിയിലായിരുന്നു. ഇതിനിടെ വെളിച്ചപ്പാടിന്റെ മകന് ക്ഷേത്രത്തിൽ വിശ്വാസം നഷ്ടപ്പെടുകയും പള്ളിവാൾ വിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മകൾ പൂജാരിയായ യുവാവിന്റെ കൂടെ പോകുന്നു. പലിശക്കാരന്റെ കൂടെ തന്റെ ഭാര്യയെ കാണുക കൂടി ചെയ്തതോടെ വെളിച്ചപ്പാട് മൂർധാവിൽ വെട്ടി വായിലേക്ക് വന്ന ചോര പ്രതിഷ്ഠയുടെ മുഖത്തേക്ക് തുപ്പുകയും മരിച്ചുവീഴുകയും ചെയ്യുന്നു. 
ഉന്നത ജാതിക്കാർക്കിടയിലെ പട്ടിണിയെയും തൊഴിലില്ലായ്മയെയും പറ്റി പറയുന്ന ഈ സിനിമയിലെ അവസാന രംഗം ഇന്ന് സ്വീകാര്യമാകുമോ എന്ന ചോദ്യം ഉയരാറുണ്ട്. എടപ്പാളിലെ മുക്കോല എന്ന ഗ്രാമത്തിലാണ് സിനിമ ഏറെക്കുറെ ചിത്രീകരിച്ചത്. കോഴിക്കോടാണ് അമ്പല സീനുകൾ എടുത്തത്. സിനിമയിലെ മൂന്നു പാട്ടുകൾ കവി ഇടശ്ശേരിയുടേതും ഒന്ന് സ്വാതി തിരുനാളിന്റേതുമാണ്. ബ്രഹ്മാനനന്ദൻ, പദ്മിനി, എൽ.ആർ. അഞ്ജലി, സുകുമാരി നരേന്ദ്രൻ എന്നിവർ പാടി. രവി മേനോൻ, കുഞ്ഞാണ്ടി, കവിയൂർ പൊന്നമ്മ, ശങ്കരാടി, ശാന്തകുമാരി, കൊട്ടാരക്കര ശ്രീധരൻ നായർ, എസ്.പി. പിള്ള, എം.എസ്. നമ്പൂതിരി എന്നിവർ അഭിനയിച്ചു.  പിന്നീട് ഏഴ് സിനിമകൾ കൂടി എം.ടി. സംവിധാനം ചെയ്തിട്ടുണ്ട്.  നിർമാല്യത്തിന് അമ്പത് പൂർത്തിയാവുന്നതുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങൾ ഇതിനകം മലയാളത്തിൽ വന്നിട്ടുണ്ട്.
2023 November 19KeralaNIRMALYAMMT Vasudevan Nairtitle_en: NIRMALYAM 50 YEARS

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed