കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ നടത്തുന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. കാസർകോട് പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ വൈകീട്ട് 3:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഭാവിപ്രവര്‍ത്തനങ്ങളും വിശദീകരിക്കുകയും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയുമാണ് നവകേരള സദസ്സിന്റെ ലക്ഷ്യം.
പൈവളിഗെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിന് ഓരോ വേദിയിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിക്കുന്നതു വരെ അതാത് കൗണ്ടറുകൾ പ്രവർത്തിക്കും.
സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, മത, സാമുദായിക സംഘടനാ നേതാക്കൾ തുടങ്ങിയവർക്ക് നവകേരള സദസ്സിൽ പ്രത്യേകം ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ പ്രത്യേക യോഗം ചേരുന്നുണ്ട്. ഉച്ച ഭക്ഷണത്തിന് ശേഷം രണ്ടുമണിക്ക് പ്രത്യേക ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പൈവളിഗെയിലേക്ക് പുറപ്പെടും. ബംഗളൂരുവിൽ നിന്ന് വെള്ളിയാഴ്ച വൈകീട്ട് യാത്ര തിരിച്ച ബസ്സ് ഇന്ന് പുലർച്ചയോടെ കാസർകോട് എത്തിയിരുന്നു.

ഉച്ചയ്ക്ക് രണ്ട് മുതല്‍ തന്നെ പൈവളിഗെയിലെ വേദിയിൽ വിവിധ കലാരൂപങ്ങൾ അരങ്ങേറും. വൈകിട്ട് 3.30 നാണ് ഉദ്ഘാടന ചടങ്ങൾ. റവന്യു മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. മഞ്ചേശ്വരത്തിന്റെ കലാകാരന്‍മാരുടെ കലാ പരിപാടികളും അരങ്ങേറി. നവകേരള സദസ്സ് നടക്കുന്ന ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്ക് ഓരോ ജില്ലയിലെയും പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേക കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിലാണ് ജില്ലയിലെ ക്ഷണിക്കപ്പെട്ടവരുടെ കൂടികാഴ്ച.

By admin

Leave a Reply

Your email address will not be published. Required fields are marked *