കോര്‍ക്ക് : കൗണ്ടി കോര്‍ക്കിലെ കിന്‍സലയില്‍ കെയററായി ജോലി ചെയ്യുന്നതിനിടെ 45,000 യൂറോയിലധികം മോഷ്ടിച്ച ഒരു സ്ത്രീക്ക് കോടതി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഇതില്‍ അവസാനത്തെ ആറ് മാസത്തെ ശിക്ഷയിളവും നല്‍കിയിട്ടുണ്ട്.
കൗണ്ടി കോര്‍ക്കിലെ ബല്ലിനാക്ലാഷെറ്റ്, ദി കോട്ടേജിലെ കാതറിന്‍ ഗ്രെഗ് എന്ന 46, വയസുകാരി കെയററാണ് കിന്‍സലേയില്‍ പ്രായമായ ദമ്പതികളുടെ പരിചാരകയായി ജോലി ചെയ്യുന്നതിനിടെ അവരുടെ ബാങ്ക് അകൗണ്ടുകളില്‍ നിന്നും മോഷണം നടത്തിയത്.
പ്രായാധിക്യം കാരണം ദമ്പതികളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളും കൈകാര്യം ചെയ്യാന്‍ ഇവര്‍ കാതറിന്‍ ഗ്രെഗിന്റെ സഹായം തേടിയിരുന്നു.
ബാങ്ക് ഓഫ് അയര്‍ലന്‍ഡ് ഡെബിറ്റ് കാര്‍ഡിലേക്ക് ഇവര്‍ക്ക് ആക്സസ് നല്‍കുകയും ചെയ്തിരുന്നു. കാര്‍ഡിലെ പ്രവര്‍ത്തനം വിദേശത്ത് താമസിച്ചിരുന്ന ദമ്പതികളുടെ മുതിര്‍ന്ന മക്കളില്‍ ഒരാള്‍ ഓണ്‍ലൈനില്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
2019-ന്റെ മധ്യത്തില്‍,ദമ്പതികളിലെ ഭര്‍ത്താവ് മരിച്ചു, മൂന്ന് മാസത്തിന് ശേഷം, ഡിമെന്‍ഷ്യ ബാധിച്ച അദ്ദേഹത്തിന്റെ ഭാര്യയെ ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ കെയറിലേക്ക് മാറ്റുകയും ചെയ്തു.
ദമ്പതികളുടെ കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിനിടയില്‍, അള്‍സ്റ്റര്‍ ബാങ്കില്‍ ഉണ്ടായിരുന്ന, വൃദ്ധയുടെ പെന്‍ഷന്‍ ലഭ്യമായിരുന്ന രണ്ടാമത്തെ അക്കൗണ്ടില്‍ സംശയാസ്പദമായ ഇടപാടുകള്‍ അവര്‍ കണ്ടെത്തുകയും വിഷയം ഗാര്‍ഡായെ അറിയിക്കുകയും ചെയ്തു.
ഈ ഇടപാടുകള്‍ കാതറിന്‍ ഗ്രെഗ് നടത്തിയതാണെന്നു തിരിച്ചറിഞ്ഞതോടെയാണ് അവര്‍ അറസ്റ്റിലായത്. 2019 ജൂലൈയ്ക്കും കഴിഞ്ഞ വര്‍ഷം ജനുവരിക്കും ഇടയില്‍, അവള്‍ 45,773.93 മോഷണമാണ് അകൗണ്ടില്‍ നിന്നും നടത്തിയത്. 15 യൂറോ മുതല്‍ ആയിരക്കണക്കിന് യൂറോ വരെ ആകെ 17 മോഷണങ്ങള്‍ ഗാര്‍ഡ കണ്ടെത്തി.പണം പിന്‍വലിക്കല്‍, കാര്‍ഡ് പേയ്മെന്റ്, ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം എന്നിവയ്ക്ക് പുറമെ , പലചരക്ക് ഷോപ്പിംഗ്, റഫ്യൂസ് ചാര്‍ജുകള്‍, വൈദ്യുതി ബില്ലുകള്‍ എന്നിവയ്ക്കായും ഗ്രെഗ് പണം ചെലവഴിച്ചു. ഇതില്‍ ഒരു കുതിരക്കുട്ടിയെ വാങ്ങാന്‍ ചിലവഴിച്ച 4,000 യൂറോവരെയുണ്ടെന്ന് ഗാര്‍ഡ അന്വേഷണത്തില്‍ കണ്ടെത്തി.
കാതറിന്‍ ഗ്രെഗ് പശ്ചാത്താപം പ്രകടിപ്പിക്കുകയും തന്റെ പ്രവൃത്തിയില്‍ നാണക്കേടുണ്ടെന്ന് അറിയിക്കുകയും ചെയ്തതായി ഡിഫന്‍സ് ബാരിസ്റ്റര്‍ പോള മക്കാര്‍ത്തി പറഞ്ഞു.
സ്വന്തം പിതാവിനും ഡിമെന്‍ഷ്യ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഏക പരിചരണം താന്‍ മാത്രമെന്നും ഗ്രെഗ് കോടതിയോട് പറഞ്ഞു. തനിക്ക് ലഭിച്ചേക്കാവുന്ന ഏത് ശിക്ഷയും ഇളവ് ചെയ്തുതരണമെന്നും  അപ്പന്റെ തുടര്‍ പരിചരണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ അനുവദിക്കാനും അവള്‍ കോടതിയോട് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *