മുന്നൂറിലധികം ചിത്രങ്ങളില്‍ മലയാളികളുടെ മനസില്‍ ഇടം പിടിച്ച പാട്ടുകള്‍ പാടി മലയാളികളുടെ ഹൃദയം കവര്‍ന്ന ഗായികയാണ് ലതിക. തമിഴിലും ലതിക തന്റേതായ സാന്നിധ്യമറിയിച്ചിരുന്നു. കണ്ണൂര്‍ രാജന്‍ സംഗീതസംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ ‘പുഷ്പതല്പത്തിന്‍’ എന്ന ഗാനത്തിലൂടെയാണ് ലതിക പതിനാറാം വയസില്‍ മലയാള പിന്നണി ഗാനരംഗത്തത് ചുവടുവച്ചത്.
കുറച്ചു കാലം ചലച്ചിത്ര രംഗത്തുനിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ലതിക. 16 വര്‍ഷങ്ങള്‍ക്കു ശേഷം ഗപ്പിയിലെ ‘അതിരലിയും കരകവിയും പ്രവാഹമായ്…’ എന്ന ഗാനം പാടി മലയാള സിനിമയിലേക്ക് ലതിക ടീച്ചര്‍ തിരിച്ചുവരവു നടത്തിയിരുന്നു. ഫിലിമി ബീറ്റിനു നല്‍കിയ അഭിമുഖത്തില്‍ ലതിക താന്‍ മലയാള സിനിമാ ഗാനരംഗത്ത് നിന്ന് പിന്തള്ളപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തന്റെ പാട്ടുകള്‍ പ്രശസ്തരായ ഗായികമാരുടെ പേരില്‍ നിര്‍മാതാക്കള്‍ വിറ്റഴിച്ചെന്നും മലയാളചലച്ചിത്ര മേഖലയിലെ ഗ്രൂപ്പിസത്തെക്കുറിച്ചും ലതിക പറയുന്നു.
” എന്റെ പാട്ടുകള്‍ പലതും കെ.എസ്. ചിത്ര, വാണി ജയറാം തുടങ്ങിയ എന്നേക്കാള്‍ പ്രശസ്തരായ ഗായികമാരുടെ പേരില്‍ നിര്‍മാതാക്കള്‍ വിറ്റഴിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്ന ഞാന്‍ ഇതൊന്നും അറിഞ്ഞില്ല. സംഗീത ജീവിതത്തിലെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം ഗാനഗന്ധര്‍വന്‍ യേശുദാസായിരുന്നു. ശാസ്ര്തീയ സംഗീതം പഠിക്കാന്‍ സംഗീത കോളേജില്‍ ചേരാന്‍ നിര്‍ബന്ധിച്ചതു ദാസേട്ടനായിരുന്നു. തുടര്‍ന്ന് അതേ കോളേജില്‍ അധ്യാപികയാകാനും ദാസേട്ടന്‍ ഉപദേശിച്ചു.
സിനിമ മേഖലയില്‍ നിന്ന് എന്റെ പ്രതാപ കാലത്തു തന്നെ സംഗീത കോളേജിലെ അധ്യാപക ജോലിയിലേക്ക് ചുവടുമാറ്റിയത് മികച്ച തീരുമാനമായി തന്നെയാണ് ഇപ്പോഴും കണുന്നത്. ചലച്ചിത്രമേഖല ഒരിക്കലും സ്ഥിരതയുള്ള ഒരു മേഖലയല്ല.
തുടക്കകാലത്ത് മലയാളചലച്ചിത്ര മേഖലയിലെ ഗ്രൂപ്പിസം ബാധിച്ചിട്ടുണ്ട്. സംഗീതം കൊണ്ട് ഉപജീവനം നടത്തിയിരുന്ന ഒരാളായതു കൊണ്ടു പാട്ടുപാടാന്‍ പ്രതിഫലം ചോദിച്ചത് പല നിര്‍മാതാക്കളും അവരുടെ ചിത്രത്തില്‍ പാട്ടുപാടിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു..”
വന്ദനം എന്ന ചിത്രത്തിലെ ‘ലാലാ…ലാലാ.. ലലലാ.. ലാലാ…, ചിത്രം, താളവട്ടം തുടങ്ങി എണ്‍പതുകളില്‍ ഇറങ്ങിയ നിരവധി ചിത്രങ്ങള്‍ക്കു ലതിക ടീച്ചര്‍ ഹമ്മിംഗ് നല്‍കിയിട്ടുണ്ട്. കാതോടു കാതോരം എന്ന പാട്ടാണ് ലതികയെ ഏറെ പ്രശസ്തയാക്കിയത്. ദേവദൂതര്‍ പാടി, നീയെന്‍ സര്‍ഗസൗന്ദര്യമേ, ചിലമ്പിലെ താരും തളിരും…, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ പൂ വേണം..പൂപ്പട വേണം, വൈശാലിയിലെ ദും ദും ദും ദുന്ദുഭിനാദം…, അമരത്തിലെ പുലരേ പൂങ്കോടിയില്‍…, വെങ്കല’ത്തിലെ ഒത്തിരി ഒത്തിരി മോഹങ്ങള്‍…, ചമ്പക്കുളം തച്ചനിലെ മകളേ.. പാതിമലരേ.. തുടങ്ങിയ എവര്‍ഗ്രീന്‍ ഗാനങ്ങളെല്ലാം പാടിയത് ലതികയാണ്.