കൊച്ചി: ആള്‍മാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ലോട്ടറി വില്‍പ്പനക്കാരി പിടിയില്‍. കൊച്ചി മാറാടി സ്വദേശി ഷൈല(57)യെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
6 ലക്ഷത്തോളം രൂപയാണ് യുവാവില്‍ നിന്ന് ഇവര്‍ തട്ടിയെടുത്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവാണ് തട്ടിപ്പിനിരയായത്. വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഇവര്‍ യുവാവിനെ കബളിപ്പിക്കുകയായിരുന്നു. പിന്നീട് ഈ യുവതിയാണെന്ന പേരില്‍ ഫോണ്‍ വഴി യുവാവില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
യുവാവിന്റെ ഫോണില്‍ അയച്ച് നല്‍കിയ ചിത്രം സോനയെന്ന പെണ്‍കുട്ടിയുടേതാണെന്നും ഇന്‍ഫോ പാര്‍ക്കിലാണ് ജോലിയെന്നും യുവാവിനെ ഷൈല വിശ്വസിപ്പിച്ചു. ഇതിന് ശേഷം സോനയെന്ന പേരില്‍ യുവാവിനെ വിളിച്ച് വിശ്വാസ്യത നേടി. പിന്നാലെ മാതാപിതാക്കളുടെ ചികിത്സയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ സഹായമായി പണം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, പണം കൊടുത്തതോടെ ഫോണ്‍ വിളിയും ഇല്ലാതെയായി. ഇതോടെ് ചതിക്കപ്പെട്ടെന്ന് മനസിലായ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കൂത്താട്ടുകുളം ഇന്‍സ്പെക്ടര്‍ പി.ജെ. നോബിള്‍, എസ്‌ഐ കെ.പി. സജീവന്‍, എഎസ്‌ഐ അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒമാരായ ഇ.കെ. മനോജ്, ഐ.സി. മോള്‍, മഞ്ജുശ്രീ, ശ്രീജമോള്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.