തിരുവനന്തപുരം: നവകേരള സദസില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണമെന്ന കാസര്‍ഗോഡ് കളക്ടറുടെ വിചിത്ര ഉത്തരവ് അടിയന്തിരമായി തിരുത്തണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പി ആര് പരിപാടിക്കും മാമാങ്കത്തിനും ജയ് വിളിക്കുന്നവരാക്കി മാറ്റുന്നു. ഇത് അംഗീകരിക്കാന്‍ ആവില്ല.
ആഡംബര വാഹനത്തിലെ ഉല്ലാസയാത്രയ്ക്ക് ജനം വരില്ലെന്ന് സര്‍ക്കാരിനറിയാം. പിണറായിയുടെ വികൃതമായ മുഖം മിനുക്കാനാണ് നവകേരള സദസ്. യുഡിഎഫ് അനുകൂല സംഘടനക്കാര്‍ പരിപാടി ബഹിഷ്കരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരളത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്താന്‍ എംപിമാര്‍ സര്‍ക്കാരിനൊപ്പം നില്ക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എംപിമാരുമായി സഹകരിക്കുന്നില്ല. സംസ്ഥാനത്തിന്റെ പ്രശ്നങ്ങളില്‍ എംപിമാര്‍ നിസ്സഹകരിക്കുന്നില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായിരുന്നു. എംപിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക.
കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച തീരുമാനമടക്കം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.