ജിദ്ദ – രണ്ടു തവണ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനായ ആന്റണി ജോഷ്വയും മുന്‍ ഡബ്ല്യു.ബി.സി ചാമ്പ്യന്‍ ദിയോന്റേ വില്‍ഡറും ഡിസംബര്‍ 23 ന് സൗദി അറേബ്യയില്‍ റിംഗിലിറങ്ങും. ജോഷ്വ സ്വീഡന്റെ ഓട്ടോ വാലിനെയാണ് നേരിടുക. 2020 ല്‍ ടൈസന്‍ ഫുറിക്കു മുന്നില്‍ ഡബ്ല്യു.ബി.സി ബെല്‍റ്റ് അടിയറ വെച്ച വില്‍ഡര്‍ മുന്‍ ചാമ്പ്യന്‍ ജോസഫ് പാര്‍ക്കറുമായാണ് ഏറ്റുമുട്ടുക. റിയാദിലായിരിക്കും മത്സരങ്ങള്‍. ഹെവിവെയ്റ്റ് കിരീടങ്ങള്‍ നഷ്ടപ്പെട്ട ജോഷ്വയും വില്‍ഡറും തമ്മിലുള്ള പോരാട്ടത്തിന് ബോക്‌സിംഗ് ആരാധകര്‍ കാത്തിരിക്കുകയാണ്. എതിരാളികളെ കീഴടക്കുകയാണെങ്കില്‍ ഇവര്‍ തമ്മില്‍ സൗദിയില്‍ തന്നെ മറ്റൊരു പോരാട്ടത്തിന് സാധ്യതയുണ്ട്.
ഡിസംബര്‍ 23 ന് ഫുറിയും ഒലക്‌സാണ്ടര്‍ ഉസിക്കും തമ്മില്‍ റിയാദില്‍ ഹെവിവെയ്റ്റ് ബോക്‌സിംഗിലെ ചരിത്രപോരാട്ടത്തില്‍ ഏറ്റുമുട്ടേണ്ടതായിരുന്നു. ഇതിലെ വിജയി ഏകീകൃത ലോക ചാമ്പ്യനാവുമായിരുന്നു. എന്നാല്‍ ആ പോരാട്ടം നീട്ടിവെച്ചു. യു.എഫ്.സി ചാമ്പ്യന്‍ ഫ്രാന്‍സിസ് എന്‍ഗാനുവിനെ സൗദിയില്‍ കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ തോല്‍പിക്കാന്‍ ഫുറി വല്ലാതെ പ്രയാസപ്പെട്ടു. ഫുറി-ഉസിക് പോരാട്ടം 2024 ആദ്യം സൗദിയില്‍ തന്നെ നടക്കാന്‍ സാധ്യതയുണ്ട്.
മുപ്പത്തിനാലുകാരനായ ആന്റണി ജോഷ്വ അവസാനം റിംഗിലിറങ്ങിയത് ഓഗസ്റ്റിലാണ്. ഫിന്‍ലന്റിന്റെ റോബര്‍ട് ഹെലേനിയസിനെതിരെ ലണ്ടനില്‍ നടന്ന മത്സരം ഏഴ് റൗണ്ടില്‍ ജയിച്ചു.
മുപ്പത്തിരണ്ടുകാരനായ വാലിന്റെ ഏക പ്രൊഫഷനല്‍ തോല്‍വി 2019 ല്‍ ഫുറിയോടായിരുന്നു. ജോഷ്വ 2021 ല്‍ ഉസിക്കിനോട് തോല്‍ക്കുകയും ഡബ്ല്യു.ബി.എ, ഡബ്ല്യു.ബി.ഒ, ഐ.ബി.എഫ് കിരീടങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റീമാച്ചിലും പരാജയപ്പെട്ടു. വില്‍ഡറെ രണ്ടു തവണ ഫുറി തോല്‍പിച്ചിട്ടുണ്ട്. അവസാന മത്സരം 2022 ഒക്ടോബറില്‍ ഹെലേനിയസിനെ തോല്‍പിച്ചതാണ്.
2023 November 16Kalikkalamtitle_en: Anthony Joshua set to fight Otto Wallin in Saudi Arabia