ആലപ്പുഴ: ലോക സിഒപിഡി ദിനത്തിനു മുന്നോടിയായി ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വൈദ്യശാസ്‌ത്ര സെമിനാറിൽ സിഒപിഡി അഥവാ  ദീർഘകാല ശ്വാസതടസ്സ രോഗങ്ങളുണ്ടാക്കുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ഡോ. അഞ്ജലി വി.ബി, ഡോ.  രേഷ്മ കെ.ആർ, ഡോ. ഷാഹിന എസ്, ഡോ. സുജ ലക്ഷ്മി എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഡോ. വാസന്തി പൊകാല സിഒപിഡി ദിന സന്ദേശം നൽകി. 
മരണകാരണങ്ങളിൽ ലോകത്തു മൂന്നാമതും, ഇൻഡ്യയിൽ രണ്ടാമതുമാണ് സിഒപിഡി. ഏറെ ഭീതിദമായ ഈ സാഹചര്യത്തിൽ പോലും അവഗണിക്കപ്പെട്ട രോഗാവസ്ഥയാണിതെന്നു ആമുഖ പ്രസംഗത്തിൽ ശ്വാസകോശ വിഭാഗം തലവനും അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ വൈസ് പ്രസിഡണ്ടുമായ  പ്രൊഫ. ബി. ജയപ്രകാശ് ചൂണ്ടിക്കാട്ടി. 
ഇൻഡ്യയിലെ അഞ്ചു ശതമാനത്തോളം ആളുകളെ ബാധിച്ചിട്ടുള്ള ഈ രോഗാവസ്ഥ അടിയന്തിരമായി നിയന്ത്രിക്കേണ്ട പൊതുജനാരോഗ്യ പ്രശ്നമാണെന്ന്  ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. 
പുകവലി, വർധിച്ചു വരുന്ന വായു മലിനീകരണം, തൊഴിലിടങ്ങളിലെ പൊടിപടലങ്ങൾ, പുകയും കരിയും നിറഞ്ഞ അടുക്കളാന്തരീക്ഷം തുടങ്ങിയവയൊക്കെ സിഒപിഡിക്കു കാരണമാകുന്നതായി ഡോക്ടർമാർ പറഞ്ഞു.  
മറ്റുള്ളവർ പുകവലിച്ചു പുറത്തേക്കു വിടുന്ന പുക ശ്വസിക്കുന്നതു പോലും രോഗത്തിന് കാരണമാകുന്നു. ആദ്യഘട്ടത്തിൽ തന്നെ രോഗാവസ്ഥ കണ്ടുപിടിക്കാനായാൽ ചികിത്സക്ക് നല്ല ഫലം കിട്ടുന്ന ഒന്നാണിത്. 
ഇത്തരം രോഗാവസ്ഥയുള്ളവർ ശ്വാസകോശ അണുബാധ തടയാനുള്ള വാക്സിനുകൾ എടുക്കേണ്ടത് രോഗം വഷളാവുന്നതു തടയാൻ അനിവാര്യമാണെന്നു സമ്മേളനം ഓർമ്മിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *