ലഹോര്‍: ഏകദിന ലോകകപ്പിലെ തോൽവിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീമിന്റെ ക്യാപറ്റന്‍ പദവി ഒഴിഞ്ഞ് ബാബര്‍ അസം. സെമി ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ ടീം പുറത്തായത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചു. പിന്നാലെയാണ് എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുന്നതായി ബാബര്‍ അസം പ്രഖ്യാപിച്ചത്. 2019 ലാണ് ബാബര്‍ അസം പാകിസ്ഥാന്‍ നായകസ്ഥാനം ഏറ്റെടുത്തത്.
ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാന്‍ ശരിയായ സമയം ഇതാണെന്നും ബാബര്‍ പ്രതികരിച്ചു. നായകസ്ഥാനം ഒഴിയുന്നതായി എക്‌സിലാണ് ബാബര്‍ അറിയിച്ചത്. ”2019ല്‍ പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ പിസിബിയുടെ വിളിയെത്തിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
കഴിഞ്ഞ നാലു വര്‍ഷത്തില്‍ ഞാന്‍ പല ഉയര്‍ച്ചകളും തിരിച്ചടികളും നേരിടേണ്ടിവന്നു. എന്നാല്‍ എപ്പോഴും പാകിസ്ഥാന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. ഈ യാത്രയില്‍ എനിക്കു പിന്തുണ നല്‍കിയ പാകിസ്ഥാന്‍ ആരാധകര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നതായും ബാബര്‍ കുറിപ്പില്‍ പറഞ്ഞു