തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വരുന്നു. സംഘടനാ തെരഞ്ഞെടുപ്പിൽ ശക്തരായ ‘എ’, ‘ഐ’ ഗ്രൂപ്പുകള്‍ ഇക്കുറി നിലം പൊത്തി. പരമ്പരാഗത നോമിനികളായി മല്‍സരിക്കാനിറങ്ങിയവര്‍ പോലും എതിര്‍ ഗ്രൂപ്പുകളുടെ പിന്തുണപോലും നേടി വിജയിച്ചതും നിരവധി.

സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ 5 ജില്ലകള്‍ പിടിക്കുമെന്നവകാശപ്പെടുന്ന ‘എ’ ഗ്രൂപ്പില്‍ നിന്നും വിജയിച്ചു സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവര്‍ കെസി – വിഡി ഗ്രൂപ്പിന്‍റെ പിന്തുണയോടെയാണ് കടമ്പ കടന്നത്.

അവകാശവാദത്തിലെങ്കിലും ‘എ’ വിഭാഗത്തിന് അഞ്ചു ജില്ലകൾ മാത്രം പ്രസിഡന്റ് സ്ഥാനം കിട്ടിയപ്പോൾ സാദാ നേതാക്കളുടെ നോമിനികള്‍ പോലും നേട്ടമുണ്ടാക്കി. ‘എ’ ഗ്രൂപ്പിലെ വിമത വിഭാഗമെന്ന് വിളിക്കുന്ന തിരുവഞ്ചൂർ വിഭാഗത്തിനാണ് കോട്ടയം ജില്ലയിൽ വിജയം നേടാനായത്. 
അതേസമയം പ്രമുഖ നേതാക്കൾ നേരിട്ട് നിർത്തിയ പല സ്ഥാനാർത്ഥികളും കാലിടറി. കണ്ണൂരിൽ കെ സുധാകരന്റെ സ്വന്തം സ്ഥാനാർത്ഥി ഫർസീൻ മജീദിനെ അട്ടിമറിച്ച് ‘എ’ വിഭാഗം വിജയിച്ചു. 
എറണാകുളത്ത് മത്സര ഫലം പ്രഖ്യാപിച്ചില്ലെങ്കിലും പ്രതിപക്ഷ നേതാവിന്റെ സ്ഥാനാർത്ഥിയും പരാജയം രുചിച്ചു. പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും കാലിടറി.
അതേസമയം കോഴിക്കോട് ടി സിദ്ദിഖിന്‍റെ നോമിനിയും തൃശൂരില്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിന്‍റെ സ്ഥാനാര്‍ഥിയും വിജയം നേടി. ഇരുവര്‍ക്കും തുണയായത് ‘ഐ’ ഗ്രൂപ്പ് പിന്തുണയും.
തൃശൂരിൽ കെ സുധാകരന്‍റെ പിന്തുണയും ജോസ് വള്ളുര്‍ പക്ഷത്തിനായിരുന്നു. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലാണ് പരമ്പരാഗത ‘എ’ ഗ്രൂപ്പിന്റെ പ്രസിഡന്റുമാർ. ഇവരില്‍ പലരും ഗ്രൂപ്പ് വേലിക്കപ്പുറത്തുള്ളവരാണ്.
കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ പരമ്പരാഗത ‘ഐ’ വിഭാഗവും നേടി. രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നവരാണിവര്‍. അതേസമയം സംസ്ഥാന കമ്മിറ്റിയിലും ‘എ’ ഗ്രൂപ്പിന്  കാര്യമായ നേട്ടമില്ല. 

പ്രസിഡന്റ് സ്ഥാനം നേടിയ രാഹുൽ മാങ്കൂട്ടത്തിന് ‘എ’ ഗ്രൂപ്പ് പ്രതിനിധി എന്ന് മാത്രം അവകാശപ്പെടാനാകില്ല. രാഹുലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ചേർന്നായിരുന്നു. രാഹുലിന്‍റെ തെരഞ്ഞെടുപ്പിനായി മുമ്പിലും പിന്നിലും നിന്ന് പടനയിച്ച ഷാഫി പറമ്പില്‍ പോലും ലേബലില്‍ മാത്രമാണ് ‘എ’ ഗ്രൂപ്പ്. കര്‍മ്മം കണ്ട് കെസി ഗ്രൂപ്പും.

അതുകൊണ്ട് മാത്രമാണ് അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതും. അതിനാൽ തന്നെ തങ്ങളുടെ പ്രതിനിധിയാണെന്ന വാദം ഉയർത്താൻ ‘എ’ ഗ്രൂപ്പും മടിക്കും. അതേറ്റുപിടിക്കാന്‍ രാഹുല്‍ മാങ്കൂട്ടവും തയ്യാറാകില്ല. ഇപ്പോള്‍ തന്നെ ഗ്രൂപ്പിനതീതമായ മല്‍സരമായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു കഴിഞ്ഞു.
വൈസ് പ്രസിഡന്റ്മാരായി തെരഞ്ഞെടുക്കപ്പെട്ട അരിതാ ബാബുവും  വൈശാഖ് ദർശനും കെ സി വേണുഗോപാലിനോട് അടുപ്പമുള്ളവരാണ്. വിഷ്ണു സുനിൽ ആകട്ടെ ചാണ്ടി ഉമ്മന്റ നോമിനിയാണ്. മറ്റൊരു വൈസ് പ്രസിഡന്റ് അനുതാജ് കൊടിക്കുന്നിൽ അനുയായിയാണ്. ഇവരെല്ലാം വിജയിച്ചത് വിരുദ്ധ ഗ്രൂപ്പുകളുടെ പിന്തുണയിലും.

അതേസമയം സംഘടനാ തെരഞ്ഞെടുപ്പിലൂടെ ഇത്തവണ യൂത്ത് കോണ്‍ഗ്രസ് തലപ്പത്തെത്തിയവര്‍ ഏറെയും മികച്ച നേതാക്കള്‍ തന്നെയെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. വിജയിച്ച പ്രസിഡന്‍റിനേക്കാള്‍ തിളക്കം വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിക്കു തന്നെ.

രാഹുല്‍ മാങ്കുട്ടത്തിനെതിരെ ആരോപണങ്ങള്‍ നിരവധിയുണ്ട്. പക്ഷേ സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ പിന്തുണയാണ് രാഹുലിന് തുണയായത്. ബാക്കി സംസ്ഥാന കമ്മിറ്റിയിലെ ഭാരവാഹികളും ജില്ലാ പ്രസിഡന്‍റുമാരും ഉള്‍പ്പെടെ മിടുക്കന്മാരുടെ ടീമാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *