ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നതായി എഎപി. സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയിലൂടെ ബിജെപി നടത്തുന്ന പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് പാര്‍ട്ടി ദേശീയ വക്താവ് രാഘവ് ഛദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചതിന് എഎപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ചദ്ദയുടെ പ്രസ്താവന.
ബിജെപി നേതാക്കള്‍ കഴിഞ്ഞയാഴ്ച തിരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഎപിക്ക് നോട്ടീസ് നല്‍കിയത്. അതേസമയം ബിജെപിക്കെതിരെ പരാതി നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് പാര്‍ട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചദ്ദ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരവിന്ദ് കേജ്രിവാള്‍ പാര്‍ട്ടി അധ്യക്ഷനായി മാത്രമല്ല, തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ താര പ്രചാരകനായും പ്രവര്‍ത്തിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ വ്യാഴാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ അരവിന്ദ് കെജ്രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എഎപിക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എക്‌സില്‍ എഎപി പങ്കുവെച്ച രണ്ട് പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പരാതി. ‘പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റുകള്‍ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്നതാണെന്ന്’ എന്ന് തിരഞ്ഞെടുപ്പ് സമിതിയുടെ നോട്ടീസില്‍ പറയുന്നു.