വെളുത്തവര്‍ഗക്കാരുടെ മുഖം നിര്‍മിച്ചെടുക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ മികവ് പുലര്‍ത്തുന്നുവെന്ന് പഠനം. വെള്ളനിറക്കാരുടെ രൂപ സവിശേഷതകളുമായി മറ്റ് വംശീയതകളില്‍ നിന്നുള്ള ആളുകളെ വരയ്ക്കുന്ന രീതിയും എഐ തുടരുന്നുണ്ട്. എന്നാല്‍ വെള്ളനിറക്കാരുടെ മുഖം നിര്‍മിക്കുന്നതില്‍ മാത്രം എഐ മികവ് പുലര്‍ത്തുന്നത് തുടരുന്നതില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും.
എഐ സാങ്കേതിക വിദ്യ പക്ഷപാതപരമായി പെരുമാറുന്നതിന്റെ ലക്ഷണമാണെന്നും വിലയിരുത്തപ്പെടുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാജവിവരങ്ങളും തടയുന്നതിന് ഇന്നത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഹൈപ്പര്‍-റിയലിസം സംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
100 എഐ നിര്‍മിത ചിത്രങ്ങളും, 100 യഥാര്‍ത്ഥ മനുഷ്യ ചിത്രങ്ങളും ആണ് പഠനത്തിനായി ഉപയോഗിച്ചത്. 124 ആളുകളോട് ഈ ചിത്രങ്ങളില്‍ നിന്ന് എഐ നിര്‍മിതചിത്രങ്ങളും യഥാര്‍ത്ഥ ചിത്രങ്ങളും തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ മനുഷ്യരുടേതെന്ന് ആളുകള്‍ തിരഞ്ഞെടുത്ത അഞ്ച് ചിത്രങ്ങളില്‍ നാലെണ്ണം എഐ നിര്‍മിതമായിരുന്നു. എഐ ആണെന്ന് കൂടുതല്‍ പേരും പറഞ്ഞ ചിത്രങ്ങളാകട്ടെ യഥാര്‍ത്ഥ മനുഷ്യരുടെ ചിത്രങ്ങളും. ഇത് കൂടാതെ, ചിത്രങ്ങളുടെ ഗുണമേന്മ, പരിചിതത്വം, ആകര്‍ഷണീയത തുടങ്ങിയവ വിലയിരുത്താനും ആളുകളോട് ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ആളുകളുടെ ചിത്രങ്ങള്‍ എഐ ആണെന്ന് തെറ്റിദ്ധരിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ പലരും നടത്തി.
ഈ പഠന വിവരങ്ങള്‍ 90 ശതമാനത്തിലധികം മുഖങ്ങളും കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന ഒരു എഐ മോഡല്‍ പ്രോഗ്രാം ചെയ്യുന്നതിനാണ് ഗവേഷകര്‍ ഉപയോഗിച്ചത്. എന്നാല്‍ ഈ വിവരങ്ങളെ എക്കാലവും ആശ്രയിക്കാനും സാധിക്കില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. എഐ മുഖങ്ങളും യഥാര്‍ത്ഥ മനുഷ്യ മുഖങ്ങളും തമ്മിലുള്ള വ്യത്യാസം താമസിയാതെ തന്നെ ഒട്ടും ഇല്ലാതാവാനാണ് സാധ്യതയെന്നും എമി ഡാവെല്‍ പറഞ്ഞു.