തിരുവനന്തപുരം: പാവങ്ങൾക്ക് കയറിക്കിടക്കാൻ ഒരു കൂര എന്നസ്വപ്നമാണ് സർക്കാരിന്റെ ലൈഫ് പദ്ധതി. എന്നാൽ പണമില്ലാതെ തദ്ദേശസ്ഥാപനങ്ങൾ വലയുന്നതിനാൽ പണി തുടങ്ങിയ ഒന്നേകാൽ ലക്ഷം വീടുകളാണ് പാതിവഴിയിൽ കിടക്കുന്നത്. വീടുപണിക്കുള്ള പണം എന്ന് നൽകുമെന്ന് ഉറപ്പുനൽകാനാവാതെ വലയുകയാണ് തദ്ദേശസ്ഥാപനങ്ങൾ. 

ബേസ്മെന്റ് മാത്രം കെട്ടിയിട്ടവരും, ലിന്‍റല്‍ കഴിഞ്ഞവരും, അവസാന ഗഡു കൂടി കിട്ടിയാൽ വീട്ടിൽ കയറികൂടാം എന്ന് കരുതി കാത്തിരിക്കുന്നവരുമാണ് വലയുന്നത്. വീട് എന്ന സ്വപ്നവുമായി ചായ്പ്പിലും ടാർപ്പോളിൻ മറച്ചും മക്കളും കുടുംബവുമായി കഴിയുകയാണ് നിരവധി പേ‌ർ. പഞ്ചായത്തുകളിലാണ് കടുത്ത പ്രതിസന്ധിയുള്ളത്. 

സാമ്പത്തിക പ്രതിസന്ധിയാണ് ലൈഫിൽ കല്ലുകടിയുണ്ടാക്കുന്നത്. ഗുണഭോക്താക്കൾക്ക് പണം നൽകാൻ തദ്ദേശ സ്ഥാപനങ്ങളുടെ കീശ കാലിയാണ്. സംസ്ഥാന സർക്കാരാവട്ടെ സമയത്ത് പണം നൽകുന്നില്ല. കേന്ദ്രസർക്കാർ വിഹിതവും സമയത്ത് കിട്ടുന്നില്ല. 
രോഗികളും വൃദ്ധരുമടക്കം ദുരിതത്തിലാണ്. ഗുണഭോക്താക്കൾക്ക് സർക്കാർ നൽകുമെന്നതിൽ തർക്കമില്ല. പക്ഷേ അത് എപ്പോൾ എന്ന് കൃത്യമായി പറയാനാകാത്തതാണ് പദ്ധതി നേരിടുന്ന പ്രധാന പ്രതിസന്ധി. പണം കൃത്യമായി അനുവദിക്കാതെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂട്ടത്തോടെ അനുവദിച്ച് ഉദ്ഘാടന മാമങ്കങ്ങൾ നടത്താനാണ് ഈ മെല്ലപ്പോക്കെന്നും ആക്ഷേപമുണ്ട്. 

വീട് പണി തുടങ്ങി ശേഷിക്കുന്ന ഗഡുക്കൾക്കായി മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുന്ന നിരവധി സ്ത്രീകളും പ്രായമായവരും കൂട്ടത്തിലുണ്ട്. ഹഡ്കോയിൽ നിന്ന് വായ്‌പയുൾപ്പെടെ എടുത്തതിനാൽ സർക്കാർ വിഹിതം നൽകുന്നതിൽ തടസമില്ലെന്ന് ലൈഫ് മിഷൻ പറയുമ്പോൾ പല തദ്ദേശസ്ഥാപനങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികാരണം തനത് ഫണ്ടിൽ നിന്ന് പണം നൽകാനാകുന്നില്ല. ജനറൽ വിഭാഗത്തിന് നാലു ലക്ഷം രൂപയും പട്ടിക വിഭാഗത്തിന് ആറു ലക്ഷം രൂപയുമാണ് പദ്ധതിപ്രകാരം ലഭിക്കുന്നത്. 

നാല് ഗഡുവായാണ് ലൈഫിൽ നിന്നുള്ള പണം കിട്ടുന്നത്. കരാർ വെയ്ക്കുമ്പോൾ 40,000 രൂപ, ബേസ്‌മെന്റ് പൂർത്തിയാകുമ്പോൾ 1,60,000രൂപ, ലിന്‍റല്‍ പൂർത്തിയാകുമ്പോഴും മേൽക്കൂര പൂർത്തിയായകുമ്പോഴും ഓരോ ലക്ഷം വീതം എന്നിങ്ങനെയാണ് ലൈഫിൽ നിന്ന് സഹായം കിട്ടുക. 
പണമില്ലാതായതോടെ മിക്കയിടത്തും പദ്ധതി അവതാളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതല്ലാതെ പുതുതായി ആ‌ർക്കും പണം നൽകാനാവാത്ത സ്ഥിതിയുമുണ്ട്. 2017 മുതൽ ഇതുവരെ 3,56,108 വീടുകളാണ് സംസ്ഥാനത്ത് ലൈഫ് പദ്ധതിയിലൂടെ പൂർത്തിയായത്. 3,25,000 പേർ അപേക്ഷ നൽകി വീടിനായി കാത്തിരിക്കുകയാണ്. 

കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയും (പി.എം.എ.വൈ) ലൈഫും സംയോജിപ്പിച്ചാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. നഗരങ്ങളിൽ 2 ലക്ഷം തദ്ദേശസ്ഥാപനവും 1.5 ലക്ഷം കേന്ദ്രവും 50,000 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. 

പഞ്ചായത്തുകളിൽ കേന്ദ്രത്തിന്റെ പി.എം.എ.വൈ വിഹിതം 72000 രൂപ മാത്രമാണ്. ഇവിടെയും നാല് ലക്ഷം രൂപയാണ് ആകെ നൽകുന്നത്. കുറവുള്ള തുക സംസ്ഥാന സർക്കാരും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് നൽകും. 
തദ്ദേശസ്ഥാപനങ്ങൾക്ക് ഗഡു നൽകാൻ തനത് ഫണ്ട് കുറവാണെങ്കിൽ കെ.യു.ആർ.ഡി.എഫ്.സിയിൽ നിന്ന് വായ്പയായി സംസ്ഥാനം അനുവദിക്കും. തുടർന്ന് സംസ്ഥാനം അനുവദിക്കുന്ന തനത് ഫണ്ടിൽ നിന്ന് ഇത് കുറവ് ചെയ്യും. 
സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് അതിന്റെ സാമ്പത്തിക പരാധീനതകൾ മറികടന്ന് സാധാരണക്കാരുടെ അത്താണിയായി മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *