കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. നാടുകാണി ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ സൈനബയുടെ തന്നെയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 
ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ മൃതദേഹം സൈനബയുടേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു. കസബ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാടുകാണി ചുരത്തിലെത്തി തിരച്ചില്‍ നടത്തിയത്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 
നവംബര്‍ ഏഴാം തീയതിയാണ് സൈനബയെ കാണാതാകുന്നതെന്ന് ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. അന്ന് വൈകീട്ട് അഞ്ചുമണിയോടെ സൈനബയെ വിളിച്ചെന്നും, അപ്പോള്‍ അയയില്‍ ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു. അതിനുശേഷം ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. 
പിറ്റേന്ന് രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. സൈനബയുടെ രണ്ടു ഫോണും ഇതുവരെ സ്വിച്ച് ഓഫ് ആയ നിലയിലാണ് എന്നും മുഹമ്മദാലി പറയുന്നു. സാധാരണ സൈനബ ടൗണില്‍ പോകാറുണ്ടെന്നും, വൈകീട്ടോടെ വീട്ടില്‍ മടങ്ങി എത്താറാണ് പതിവെന്നും മുഹമ്മദാലി വ്യക്തമാക്കി. 
സൈനബയെ കാണാതായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയ കാര്യം വെളിപ്പെടുത്തിയത്. കാറില്‍ യാത്ര ചെയ്യവെ മുക്കം ഭാഗത്തു വെച്ച് ഷാള്‍ കഴുത്തി മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതശരീരം കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
സൈനബ ധരിച്ചിരുന്ന 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനായിട്ടായിരുന്നു കൊലപാതകമെന്നാണ് മൊഴി. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ എന്നയാളും കൊലപാതകത്തിന് സഹായം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. വീട്ടമ്മയുടെ പക്കലുണ്ടായിരുന്ന പണവും പ്രതികള്‍ തട്ടിയെടുത്തു. ഒരാഴ്ച മുമ്പാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ (59) യെ  കാണാതാകുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *