കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളജിലെ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം. ഒന്നാം വർഷ ഫാഷൻ ഡിസൈൻ വിദ്യാർഥി മുഹമ്മദ് റിഷാനാണ് മർദനമേറ്റത്.
ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. മുഹമ്മദ് റിഷാനെ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുഹമ്മദ് റിഷാനും സുഹൃത്തുക്കളും കോളജിനുള്ളിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീനിയേഴ്സ് ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
ചിത്രം ഡിലീറ്റ് ചെയ്തില്ലെങ്കിൽ തിങ്കളാഴ്ച മർദിക്കുമെന്ന് സൂചിപ്പിച്ച് സീനിയേഴ്സ് ഭീഷണി സന്ദേശം അയക്കുകയും ചെയ്തു. ഇതേചൊല്ലിയുള്ള തർക്കത്തിൽ 20ഓളം സീനിയേഴ്സ് മുഹമ്മദ് റിഷാനയെും സുഹൃത്തുക്കളെയും മർദിക്കുകയായിരുന്നു.
മുഖത്തും കണ്ണിനു താഴെയും ഗുരുതര പരിക്കേറ്റ മുഹമ്മദ് റിഷാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് റിഷാന്റെ സുഹൃത്തുക്കൾക്കും മർദനമേറ്റിട്ടുണ്ട്.