തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മന്ത്രി കര്‍ഷകരെ അപമാനിച്ചുവെന്നും സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ കൃഷി വേണ്ടെങ്കില്‍ പിന്നെ തമിഴ്‌നാട്ടില്‍ പോയി ജീവിച്ചാല്‍ പോരെ. കര്‍ഷകരെ സഹായിക്കുന്നതിനു പകരം മന്ത്രി അവരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്നാട്ടില്‍ നിന്ന് അരി വരുമെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകള്‍. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.
കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. തമിഴ്നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.