ഗായകൻ നിക് ജൊനാസുമായുള്ള നടി പ്രിയങ്ക ചോപ്രയുടെ വിവാഹത്തിനു മുൻപ് നിക്കിനോട് ഏറെ നേരം സ്വകാര്യമായി സംസാരിച്ചെന്നും മകൾക്ക് അനുയോജ്യനായ വരനാണെന്നു മനസ്സിലായതോടെയാണ് വിവാഹത്തിനു സമ്മതിച്ചതെന്നും പ്രിയങ്കയുടെ അമ്മ മധു ചോപ്ര. നിക്കിനെ ആദ്യം കണ്ടപ്പോൾ തന്നെ കുടുംബാംഗങ്ങൾക്കെല്ലാം ഇഷ്ടമായിരുന്നു. എന്നാൽ ബാഹ്യസൗന്ദര്യം മാത്രം നോക്കി മരുമകനെ തിരഞ്ഞെടുക്കാൻ താൻ ഒരുക്കമല്ലായിരുന്നുവെന്നും മധു ചോപ്ര വെളിപ്പെടുത്തി.
‘നിക്കിനെ മുൻപ് പരിചയമില്ലായിരുന്നു. നിക്കിന്റെ വ്യക്തിത്വം മനസ്സിലാക്കാനായി അദ്ദേഹവുമായി ഏറെ നേരം ഞാൻ സംസാരിച്ചു. അതിനുശേഷമാണ് മകളുടെ ഭർത്താവാകാൻ നിക് അനുയോജ്യനാണെന്നു തീരുമാനിച്ചത്. അന്നത്തെ ആ സ്വകാര്യസംഭാഷണത്തിലൂടെ എനിക്ക് നിക് എന്ന വ്യക്തിയെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. അതുപോലൊരു ആളെയായിരുന്നു ഞാൻ എന്റെ മകൾക്കു വേണ്ടി കാത്തിരുന്നത്.
നിക് വിദേശിയാണെന്നതോർത്ത് ഒരിക്കലും എനിക്ക് ആശങ്ക തോന്നിയിട്ടില്ല. പ്രിയങ്ക വിദേശത്താണ് പഠിച്ചത്. ഞങ്ങളുടെ കുടുംബം മുഴുവൻ അവൾക്കൊപ്പം അവിടെ താമസമാക്കിയിരുന്നു. വിദേശ സംസ്കാരത്തെക്കുറിച്ച് അവൾക്കു നന്നായി അറിയാം. നിറത്തിന്റെ പേരിൽ ആരോടും ഒരു വിവേചനവും അവൾ കാണിച്ചിട്ടില്ല. എല്ലാ നിറത്തിലുള്ള ആളുകളും അവൾക്ക് ഒരുപോലെയാണ്, ഞങ്ങൾക്കും. വെളുപ്പിന്റെയോ കറുപ്പിന്റെയോ പേരിൽ എനിക്ക് യാതൊരു ആശങ്കയും തോന്നിയില്ല.
പ്രിയങ്കയുടെ വരൻ അമേരിക്കക്കാരനാണെന്ന് അറിഞ്ഞപ്പോഴും കുടുംബത്തിൽ ആർക്കും വിയോജിപ്പ് ഉണ്ടായിരുന്നില്ല. കാരണം, ഞങ്ങളുടെ കുടുംബത്തിൽ ഇതൊക്കെ സർവസാധാരണമാണ്. മകൾ വിവാഹിതയായി എന്നിൽ നിന്നും ഒരുപാട് ദൂരേക്കു പോകുന്നല്ലോയെന്നോർത്ത് സങ്കടമുണ്ടായിരുന്നു. പക്ഷേ സാരമില്ല, കുറച്ചു മണിക്കൂറുകൾ യാത്ര ചെയ്താൽ ഞങ്ങൾക്കു പരസ്പരം കാണാമല്ലോ എന്ന ആശ്വാസമുണ്ട്’, മധു ചോപ്ര പറഞ്ഞു.