കോഴിക്കോട്: പലസ്തീന്‍ വിഷയത്തിലെ പ്രസ്താവന ശശി തരൂര്‍ തിരുത്തണമെന്ന് കെ മുരളീധരന്‍ എംപി. തരൂരിന്റെ ആ ഒരു വാചകം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസിന്റെ പലസ്തീന്‍ നിലപാടില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത് തരൂരാണ്. തരൂര്‍ പ്രസ്താവന തിരുത്തിയാല്‍ എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
തൂരിന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുന്നില്ല. അത്തരം നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളിക്കളഞ്ഞതാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ നിലപാട് രമേശ് ചെന്നിത്തല കോഴിക്കോട് വന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. 
ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങള്‍ വര്‍ഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാരപ്രകടനമായിട്ട് മാത്രമേ കോണ്‍ഗ്രസ് കാണുന്നുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കാത്തത് അദ്ദേഹത്തിന്റെ പ്രസ്താവന മൂലമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സംഘാടകരാണ് തീരുമാനമെടുക്കേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. 
തരൂരിന്റെ അന്നത്തെ ഒരു വാചകം അദ്ദേഹം തിരുത്തേണ്ടതാണ്. അതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. തരൂര്‍ അത് തിരുത്തുമെന്നാണ് തന്റെ പ്രതീക്ഷ. അതേസമയം ശൈലജ ടീച്ചറുടെ പ്രസ്താവന തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ. അതു തിരുത്താതെ ഇതുമാത്രം പൊക്കി പിടിക്കുന്നത് രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ്. 
ഒക്ടോബര്‍ ഏഴിന് നടന്നത് ഒരു ഭീകരാക്രമണം അല്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. ദുരിതം അനുഭവിക്കുന്ന ജനതയുടെ വികാരപ്രകടനമാണ്. അതിനുശേഷം നടക്കുന്ന എല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന് പകരം വിഭജനത്തിന്റെ കട തുറക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് കെ മുരളീധരന്‍ ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *