കോട്ടയം: മൂന്നിലവിലെ കൊക്കോ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ദീപവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് തീപിടിത്തതിനു കാരണമെന്നാണ് സൂചന. രാത്രി 7.30ഓടെയാണ് തീ ആളിപ്പടർന്നത്.
നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം നടക്കുമ്പോൾ ഫാക്ടറിയുടെ ഉള്ളിൽ ആരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഫാക്ടറിയിലേക്ക് എത്താനുള്ള പാലം തകർന്നു കിടക്കുന്നത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പരിസരത്തു നിന്നു പടക്കം പൊട്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൻ തീപിടിത്തം ഉണ്ടായതെന്നു പ്രദേശ വാസികൾ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസോ, ഫയർ ഫോഴ്സോ സ്ഥിരീകരിച്ചിട്ടില്ല.