കാസർകോട്- എണ്ണപ്പന കൃഷി ഏറ്റവും ലാഭകരം ആണെങ്കിലും കേരളത്തിൽ വിപണി ഇല്ലാത്തതിനാൽ കഷ്ടത അനുഭവിക്കുകയാണ് മലയോര മേഖലയിലെ എണ്ണപ്പന കർഷകർ.
 തമിഴ്‌നാട്ടിലും കർണാടകത്തിലും ഇഷ്ടംപോലെ വിപണികൾ ഉള്ളപ്പോൾ കേരളം ഇതിനെതിരെ പുറംതിരിഞ്ഞു നിൽക്കുന്നതിനാൽ നഷ്ടം സഹിക്കാൻ ആവാത്ത സങ്കടത്തിൽ എണ്ണപ്പന കൃഷി തന്നെ ഉപേക്ഷിക്കുകയാണ് പനത്തടി പഞ്ചായത്തിൽ കല്ലപ്പള്ളിയിലെ കർഷകൻ പി.ടി. ദാമു (55). തെങ്ങ്, കവുങ്ങ്, റബർ ഉൾപ്പെടെ പത്ത് ഏക്കർ ഭൂമിയിൽ കൃഷിയിടമുള്ള ദാമു, പരീക്ഷണ അടിസ്ഥാനത്തിലാണ് എണ്ണപ്പന തൈകൾ കൊണ്ടുവന്ന് കൃഷി തുടങ്ങിയത്. കർണാടകയിൽ നിന്ന് 350 രൂപ തോതിൽ വില നൽകിയാണ് തൈകൾ വാങ്ങിച്ചു കൊണ്ടു വന്നത്. എണ്ണപ്പന തൈകൾ നട്ട് കൃഷി തുടങ്ങി മൂന്നാം വർഷം മുതൽ വിളവെടുപ്പ് തുടങ്ങി. കൂടുതൽ അന്വേഷണവും പഠനവും നടത്തിയപ്പോൾ വൻ ലാഭമാണ് ഈ കൃഷിയെന്ന് ദാമുവിന് അറിവായി. കർണാടകത്തിൽ കിലോവിന് 16 രൂപയാണ് വില കിട്ടുന്നത്. 40 കിലോ മുതൽ ഒന്നേകാൽ കിന്റലിന് മുകളിൽ വരും ഒരു കുലയുടെ തൂക്കം. കാട്ടാന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ശല്യം ഇല്ലാ എന്നതാണ് കൃഷിയുടെ പ്രത്യേകത. അതിരു തീർത്ത് നട്ടാൽ കാട്ടാന ശല്യം പൂർണമായും ഒഴിവാകും. ഇതിന്റെ മുള്ളു ഭയന്നാണ് ആന അടുക്കാത്തത്. ഇത്രയൊക്കെ ലാഭകരമാണെങ്കിലും കൃഷി ഉപേക്ഷിക്കാൻ ആണ് ദാമുവിന്റെ തീരുമാനം. താമസിയാതെ മുഴുവൻ എണ്ണപ്പനകളും മുറിച്ചുമാറ്റും എന്നാണ് ഈ കർഷകൻ പറയുന്നത്. പനത്തടി പഞ്ചായത്തിലെ കൃഷിയിടത്തിൽ വിളയിച്ചെടുക്കുന്ന എണ്ണപ്പന വിറ്റു പോകണമെങ്കിൽ കർണാടകയിലെ മൈസൂരുവിൽ എത്തിച്ചു നൽകണം. അവിടെ എത്തിച്ചാലും കടമ്പയുണ്ട്. കേരളത്തിൽ നിന്ന് കൊണ്ടുപോകുന്നതിനാൽ നേരിട്ട് വിൽക്കാൻ പറ്റില്ല. കർണാടകയിലെ കർഷകരുടെ പാസിൽ വേണം എണ്ണപ്പന കൈമാറാൻ. ഇത് വലിയ പ്രയാസമായി ദാമുവിനെ അലട്ടി.
എണ്ണപ്പന കൃഷിക്ക് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും കേരളത്തിൽ വിപണി ഇല്ലാത്തതുമാണ് കർഷകൻ അനുഭവിക്കുന്ന വലിയ പ്രതിസന്ധി. അച്ഛനും അമ്മയും ഭാര്യ വീണയും രണ്ടു മക്കളും ഉൾപ്പെടുന്ന ദാമുവിന്റെ കുടുംബം മുഴുവൻ കൃഷിക്കാരാണ്. ഭാര്യയും കുട്ടികളും ദാമുവിനെ കൃഷിയിടത്തിൽ സഹായിക്കുന്നവരാണ്.
 
2023 November 12Keralaഉദിനൂർ സുകുമാരൻ title_en: There is no market in Kerala, the farmer cuts oil palms

By admin

Leave a Reply

Your email address will not be published. Required fields are marked *