ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ പാകിസ്ഥാന്‍ സ്വദേശിയായ ഗുലാം ശബീര്‍ (42) ജിദ്ദയില്‍ നിര്യാതനായ വിവരം സൗദിയില്‍നിന്ന് പുറത്തിറങ്ങുന്ന മലയാളം ന്യുസിന്റെ ഓണ്‍ ലൈന്‍ വാര്‍ത്താ വഴിയാണ് ഞാനറിഞത്. ഹൃദ്രോഗ ബാധിതനായി ജിദ്ദയിലെ ഒരാശ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
പ്രവാസിയായ ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് സൗദി തലസ്ഥാന നഗരിയായ റിയാദിലെ ബത്ഹയില്‍ വെച്ചായിരുന്നു .2001  ഒന്ന് ജൂണ്‍ പത്തിനായിരുന്നു ഗുലാം ശബീറിന്റെ രണ്ടാമത്തെ ആ സൗദി സന്ദര്‍ശനം.
സമയം രാവിലെ പത്തുമണി. ബത്ഹ സിഗ്‌നലിനടുത്തുള്ള ഗീവര്‍ട്ട് സ്റ്റുഡിയോവിന് മുമ്പില്‍ അപ്രതീക്ഷിതമായ ജനകൂട്ടത്തെ കണ്ട് പോലീസുകാര്‍ അന്തം വിട്ടുനില്‍ക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും വാഹന വ്യൂഹത്തെ കടത്തിവിടാനും പോലീസുകാര്‍ നന്നേ പാടുപെടുന്നുണ്ട്. സ്റ്റുഡിയോക്കകത്തിരിക്കുന്ന ആജാനുബാഹുവിനെ കാണാന്‍ ആള്‍കൂട്ടത്തിലേക്ക് ഞാനും കയറി കൂടി.
നേരിയ പൊടിക്കാറ്റ് വീശുന്നുണ്ട്. തണുപ്പ് കാലത്തിന്റെ പരിസമാപ്തിയും, വേനലിന്റെ തുടക്കവുമാവാം. കാറ്റിനെ വക വെക്കാതെ സ്റ്റുഡിയോക്കകത്തും പുറത്തും ജനം. അകത്തുകയാറാന്‍ കാത്തുനില്‍ക്കുന്നവരിലധികവും സ്വദേശികളായ അറബികളാണ്. ഒരു വലിയ മനുഷ്യനെ നേരില്‍ കാണാനുള്ള ജിജ്ഞാസ അവരുടെ മുഖത്തു നിഴലിക്കുന്നുണ്ട്.
2000മുതല്‍ ഗിന്നസ് ബുക്കില്‍ കയറിക്കൂടിയ ഗുലാം ശബീര്‍ ഭായിയുടെ ഉയരം ഏഴടി ഏഴിഞ്ചാണ്. അന്നദേഹത്തിന് പതിനെട്ടു വയസ്സേ ആയിരുന്നുള്ളൂ. ഇന്ത്യക്കാരനായ ബംഗളൂരു സ്വദേശി സന്തോഷ് കുമാറിനെക്കാളും ഏഴിഞ്ച് കൂടുതല്‍.
ബഹ്‌റൈന്‍ യാത്ര കഴിഞ്ഞു ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും സൗദിയിലെത്തുന്നത്. അതിനുമുമ്പ് സൗദിയില്‍ വന്നത് ഉംറ കര്‍മ്മം നിര്‍വഹിക്കാനായിരുന്നു. അന്ന് ബഹ്‌റൈന്‍ സന്ദര്‍ശനത്തില്‍ ഗുലാം ശബീറിനോടൊപ്പം ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ സ്ത്രീ സൈനബ് ബീവിയും ലോകത്തിലേറ്റവും പൊക്കം കുറഞ്ഞ അലി സല്‍മാനുമുണ്ടായിരുന്നു. കുട്ടുകാര്‍ സൗദിയില്‍ പ്രവേശിക്കാതെ സ്വദേശമായ പാക്കിസ്ഥാനിലേക്ക് തിരിച്ചു പോയി.
ഓരോരുത്തരെയാണ് സ്റ്റുഡിയോയിലേക്ക് കയറ്റി വിടുന്നത്. അകത്തെ സീലിംഗ് ഫാന്‍ അഴിച്ചു മാറ്റിയാണ് മുറിയില്‍ അദ്ദേഹത്തിന് സൗകര്യം ഒരുക്കിയത്.
ഗുലാം ശബീര്‍ ഭായിയുടെ അടുത്ത് നില്‍ക്കുമ്പോള്‍ ആര്‍ക്കും ഒരു ഉള്‍ഭയം തോന്നാതിരിക്കില്ല! കറുത്തു നീണ്ട ആജാനുബാഹുവിന്റെ മുഖം ഗൗരവം നിറഞ്ഞതും കണ്ണുകള്‍ ദൈന്യത മുറ്റി നില്‍ക്കുന്നതുമാണ്. അദ്ദേഹത്തിന്റെ കൈ വിരലുകളും കാല്‍ വിരലുകളും ഒരു പ്രത്യേക തരത്തിലുള്ള വളര്‍ച്ച കണ്ട് ആരെയും പേടിപ്പെടുത്തും. ഓരോരുത്തരേയും അടുത്ത് നിര്‍ത്തിയും, സലാം പറഞ്ഞും കുശലാന്വേഷണം നടത്തിയും കുടെ നിന്ന് ഫോട്ടോ എടുപ്പിച്ചുമാണ് സന്ദര്‍ശകരെ അദ്ദേഹം പറഞ്ഞു വിടുന്നത്.
ഇന്ത്യന്‍ പര്യടനം നടത്തുവാന്‍ ആഗ്രഹിച്ചിരുന്ന ഗുലാം ശബീറിന് അന്ന് നിയമ പ്രശ്‌നങ്ങള്‍ പറഞ്ഞു  തടസ്സമുണ്ടാക്കുന്നുവെന്ന് ഒരു പ്രമുഖ മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പരാതി പറഞ്ഞിരുന്നു. ഇന്ത്യയെ കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അന്നദ്ധേഹം പറഞ്ഞത് ഇങ്ങിനെയായിരുന്നു. ‘ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും ഞാന്‍ അതിരറ്റ് സ്‌നേഹിക്കുന്നു. നിങ്ങളിലൊരുവനാണ് ഞാന്‍. എന്നെയും ഒരു സാധാരണ മനുഷ്യനെ പോലെ കാണണം ‘ എന്നായിരുന്നു.
ഗുലാം ശബീറിന്റെ പ്രധാന ഹോബി ബാസ്‌കറ്റ് ബോളായിരുന്നുവെങ്കിലും, ഒരു ഫുട്‌ബോള്‍ ആരാധകനായ അദ്ദേഹം സൗദി ലീഗിനെ വളരെ ആവേശത്തോടെയാണ് അവസാന കാലം വരെ പിന്തുണച്ചിരുന്നത്. നാലു പേരുടെ ഭക്ഷണം ഒറ്റയിരിപ്പില്‍ അകത്താകുന്ന ഗുലാം ശബീര്‍ ഒരു ‘ശാപ്പാട്ട് രാമന്‍ ‘ തന്നെയായിരുന്നു.
രണ്ടായിരം മുതല്‍ രണ്ടായിരത്തി ആറു വരെ തുടര്‍ച്ചയായി ആറ് വര്‍ഷക്കാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ലോക റെക്കോര്‍ഡ് നിലനിര്‍ത്തിയിരുന്നു!
താന്‍ സന്ദര്‍ശിച്ച നാല്‍പ്പത്തി രണ്ട് രാഷ്ട്രങ്ങളില്‍ ഏറ്റവും മനോഹരമായ രാജ്യം സൗദി അറേബ്യ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. 1980ല്‍ പാക്കിസ്ഥാനില്‍ ജനിച്ച ഗുലാം ശബീര്‍ സമൂഹ മാധ്യമങ്ങളിലെ വലിയൊരു സെലിബ്രിറ്റിയും നിരവധി പ്രശസ്ത പരിപാടികളിലെ ജനങ്ങളുടെ ആവേശവുമായിരുന്നു.
 
 
2023 November 10Articlesgulam shabeertallest manmemoirയൂസുഫ് എരിയാല്‍title_en: memoir of gulam shabeer

By admin

Leave a Reply

Your email address will not be published. Required fields are marked *