ഷാര്‍ജ: ഷാരോ സതീഷ് എഴുതിയ ഓർമ്മക്കുറിപ്പുകൾ “കാൻസർ ഒ നിർവാണ” ഷാർജ പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് എഴുത്തുകാരനും ചലച്ചിത്രകാരനുമായ മൻസൂർ പള്ളൂർ പ്രകാശനം ചെയ്തു. സിഎസ്എസ് ഗ്രൂപ്പ് ചെയർമാൻ ടി എസ് കലാധരൻ പുസ്തകം ഏറ്റുവാങ്ങി.
കോഴിക്കോട്കാരനായ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും, കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡണ്ടുമായിരുന്ന സതീഷ് കുറ്റിയിലിന്റെ ജീവിതത്തിന്റെ അവസാന കാലത്തെക്കുറിച്ച് മകൻ ഷാരോ സതീഷ് എഴുതിയ ഹൃദയ സ്‌പൃക്കായ അച്ഛനനുഭവമാണ് “കാൻസർ ഒ നിർവാണ” എന്ന പുസ്തകം.
ഷാരോയുടെ പുസ്തകം തനിക്കുകൂടി പ്രിയപ്പെട്ട സതീശേട്ടന്റെ നികത്താനാവാത്ത നഷ്ടമേൽപ്പിച്ച വേദനകളിലേക്കെന്നപോലെ ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കും മരണത്തിന്റെ നിഗൂഢതകളിലേക്കും ആഴ്ന്നിറങ്ങുന്ന വായനാനുഭവമാണെന്ന് മൻസൂർ പള്ളൂർ പറഞ്ഞു.
പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് എഴുത്തുകാരി ഡോ. ധനലക്ഷ്മി സംസാരിച്ചു. പ്രശസ്ത കലാകാരനായ മച്ചിങ്ങൽ രാധാകൃഷ്ണൻ എടമുട്ടം പരിപാടിയുടെ അവതാരകനായിരുന്നു.
ആർജെ മിഥുൻ രമേഷ്, പ്രസാധകൻ പ്രതാപൻ തായാട്ട്, ഷാരോ സതീഷ് എന്നിവർ സംസാരിച്ചു. അഡ്വ. സൈറ സതീഷ്, അഡ്വ. വൈ.എ റഹീം, ബ്രിട്ടോ സതീഷ്, ശശികല ബ്രിട്ടോ എന്നിവർ പങ്കെടുത്തു.