ലണ്ടന്‍: വ്യായാമത്തിനിടെ ഹൃദയാഘാതം വന്ന യു.കെ. വ്യവസായി സ്മാര്‍ട്ട് വാച്ചിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തി.ഹോക്കി വെയില്‍സ് എന്ന കമ്പനിയുടെ സി.ഇ.ഒ. പോള്‍ വാഫാമാണ് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം രാവിലെ താമസസ്ഥലമായ സ്വാന്‍സിയിലെ മോറിസ്റ്റണില്‍ പ്രഭാത ഓട്ടത്തിന് ഇറങ്ങിയതാണ് പോള്‍. ഓടുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ പോള്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ഭാര്യയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഭാര്യ ഉടന്‍ തന്നെ സ്ഥലത്തെത്തി പോളിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സാധാരണപോലെ രാവിലെ ഏഴിനാണ് പ്രഭാത ഓട്ടത്തിന് ഇറങ്ങി. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു.
ഉടന്‍ തന്നെ ഒരുവിധത്തില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഭാര്യയെ വിളിക്കാന്‍ സാധിച്ചു. ഉടന്‍ കാറുമായി എത്തിയ ഭാര്യ തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും പോള്‍ പറയുന്നു.
ആശുപത്രിയില്‍ വച്ചാണ് തനിക്ക് ഹൃദയാഘാതമാണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന ധമനികള്‍ ബ്ലോക്കായ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ബ്ലോക്ക് മാറ്റാനുള്ള ചികിത്സയ്ക്ക് തന്നെ വിധേയമാക്കി. ആറു ദിവസം ആശുപത്രിയില്‍ കിടന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയതെന്നും പോള്‍ പറയുന്നു.
തനിക്ക് അമിത ഭാരമില്ല. എപ്പോഴും ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ ശ്രമിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഹൃദയാഘാതം സംഭവിച്ചത് വീട്ടുകാര്‍ക്ക് പോലും ഞെട്ടലായെന്നും പോള്‍ പറയുന്നു.