നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ പഞ്ചാബ് സര്‍ക്കാരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍മാര്‍ തീകൊണ്ട് കളിക്കുകയാണെന്ന് വാദത്തിനിടെ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പഞ്ചാബ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ അതൃപ്തിയുണ്ടെന്നും ഗൗരവമായ വിഷയമാണെന്നും ബെഞ്ച് വ്യക്തമാക്കി.
എന്തുകൊണ്ടാണ് നിയമസഭയുടെ ബജറ്റ് സമ്മേളനം നീട്ടിവെക്കാതെ നിര്‍ത്തിവച്ചതെന്ന് പഞ്ചാബ് സര്‍ക്കാരിനോട് കോടതി ചോദിച്ചു. കൂടാതെ ജനാധിപത്യം, മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും കൈകളിലൂടെ പ്രവര്‍ത്തിക്കേണ്ടതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. തമിഴ്നാട് സര്‍ക്കാരിന്റെ സമാന ഹര്‍ജിയും സുപ്രീം കോടതി ബെഞ്ച് പരിഗണിച്ചു. ‘രോഗം (സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം പഞ്ചാബില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പടരുകയാണ് അത് ഉടന്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്’. ഹിയറിംഗിനിടെ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു. 
നവംബര്‍ ആറിന്, ബില്ലുകള്‍ പാസാക്കുന്നതില്‍ കാലതാമസം വരുത്തുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. വിഷയം കോടതിയില്‍ എത്തുന്നതിന് മുമ്പുതന്നെ അതത് സംസ്ഥാന അസംബ്ലികള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ നടപടിയെടുക്കണമെന്ന് പറയുകയും ചെയ്തിരുന്നു. വിഷയം സുപ്രിംകോടതിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഗവര്‍ണര്‍മാര്‍ നടപടിയെടുക്കണം. കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ മാത്രം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണം, ഗവര്‍ണര്‍മാര്‍ ആത്മപരിശോധന നടത്തണമെന്നും അവര്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ലെന്നും വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ച് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 
കൂടാതെ പഞ്ചാബ് ഗവര്‍ണര്‍ സ്വീകരിച്ച തുടര്‍ നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിക്കുകയും ഹര്‍ജി നവംബര്‍ 10 ലേക്ക് മാറ്റുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടി (എഎപി) നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിയമസഭ പാസാക്കിയ 27 ബില്ലുകളില്‍ 22 എണ്ണത്തിനും പുരോഹിത് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 20-ന് നാലാം ബജറ്റ് സമ്മേളനത്തിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള മൂന്ന് മണി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. ഇതിനെത്തുടര്‍ന്നാണ് പുരോഹിതും മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം. മണി ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *