കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിന് നിര്‍മിച്ച സെറ്റ് പൊളിച്ചുമാറ്റുന്നു. വയല്‍ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പെരുമ്പാവൂര്‍ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയതിനെത്തുടര്‍ന്നാണ് സെറ്റ് പൊളിച്ച് മാറ്റുന്നത്.
പെരുമ്പാവൂര്‍ കാരാട്ട് പള്ളിക്കരയില്‍, സിനിമയുടെ ചിത്രീകരണത്തിനായി സ്വകാര്യ സ്ഥലത്ത് നിര്‍മിച്ച സെറ്റാണ് പൊളിച്ചുമാറ്റുന്നത്.
വയല്‍ നികത്തിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭ പരിശോധന നടത്തി സെറ്റ് നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചു. തുടര്‍ന്ന സെറ്റ് പൊളിച്ചുമാറ്റുകയായിരുന്നു.
അതേസമയം, സെറ്റ് നിര്‍മിച്ച സ്ഥലം ഇപ്പോഴും നിലം ഭൂമിയാണെന്നും നിര്‍മാണത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉടമ വാങ്ങിയിട്ടില്ലെന്നും നഗരസഭ അധ്യക്ഷന്‍ ബിജു ജോണ്‍ ജേക്കബ് വ്യക്തമാക്കി. ‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.