തിരുവനന്തപുരം: പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു. പോത്തന്‍കോട് സ്വദേശി സെയ്ദ് മുഹമ്മദാ(28)ണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് നാലിന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. മ്യൂസിയം എസ്.ഐ രജീഷിന് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. രജീഷിന്റെ വിരലിന് ഒടിവുണ്ട്. രണ്ട് പോലീസുകാരാണ് പ്രതിക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ പിന്നാലെ ഓടിയെത്തിയെങ്കിലും റോഡ് മുറിച്ച് കടന്ന് വഞ്ചിയൂര്‍ പാറ്റൂര്‍ ഭാഗത്തേക്ക് പ്രതി രക്ഷപ്പെട്ടു.
പതിനാല് ദിവസം മുമ്പ് എം.ഡി.എം.എ. വില്‍പനക്കേസില്‍ ലോ കോളജിന് സമീപത്തെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയവെ പൂവാര്‍ പോലീസാണ് ഇയാളെ പിടികൂടിയത്. ആ സമയത്തും എം.ഡി.എം.എ. ഇയാളുടെ കൈവശമുണ്ടായിരുന്നു. താമ്പാനൂര്‍, കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനും പ്രതിക്കായി പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.