ചിക്കുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സീന് യുഎസ് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. വാൽനോവ കമ്പനി വികസിപ്പിച്ചെടുത്ത വാകിസീൻ ‘ഇക്സ്ചിക്’ എന്ന പേരിലാണ് വിപണിയിലെത്തുക. 18 വയസ്സും അതിനു മുകളിൽ പ്രായം ഉള്ളവർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുക. രോഗവ്യാപന സാധ്യത കൂടുതലായുള്ളതും ഈ പ്രായക്കാരിൽ തന്നെയാണ്. പേശിയിൽ കുത്തിവെച്ച് ഒറ്റ ഡോസിലായിരിക്കും വാക്സീൻ നൽകുക.
കൊതുകുകൾ വഴി പടരുന്ന ചിക്കുൻഗുനിയ കഴിഞ്ഞ 15 വർഷത്തിനിടെ 50 ലക്ഷത്തിലധികം പേർക്കാണ് ബാധിച്ചത്. അതുകൊണ്ടുതന്നെ ഈ രോഗം ആഗോളതലത്തിൽ ആരോഗ്യഭീഷണിയായി തുടരുകയാണ്. 18 വയസ്സിനു മുകളിലുള്ളവർക്കു വേണ്ടിയാണ് വാക്സീന് അംഗീകാരം നല്‍കിയതെന്നു അധികൃതർ അറിയിച്ചു. പതിനെട്ടു വയസ്സിനും അതിനു മുകളിലും പ്രായമുള്ള 3500 വ്യക്തികളിൽ നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് വാക്സീന് അംഗീകാരം ലഭിച്ചത്.
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, പേശീവേദന, സന്ധിവേദന, വീക്കം എന്നിവയാണു ചിക്കുൻഗുനിയയുടെ പ്രാരംഭ ലക്ഷണങ്ങൾ. പനിയോടൊപ്പം തൊലിപ്പുറത്ത് ഉണ്ടാകുന്ന നിറവ്യത്യാസം, തടിപ്പുകൾ ഇവ രോഗലക്ഷണങ്ങളാകാം. ഇവ കണ്ടാലുടൻ ചികിത്സ തേടുക. രോഗി പരമാവധി സമയം കൊതുകുവലയ്‌ക്കുള്ളിൽത്തന്നെ കഴിയുക. പാനീയരൂപത്തിലുള്ള ആഹാരം ധാരാളം കഴിക്കുക. ഡോക്‌ടർ നിർദേശിക്കുന്ന കാലയളവുവരെ വിശ്രമിക്കുക.
ചിക്കുൻഗുനിയ പരത്തുന്ന ഈഡിസ് കൊതുകുകൾ പ്രധാനമായി മുട്ടയിട്ടു പെരുകുന്നതു വീട്ടിലും പരിസരത്തും ശുദ്ധജലം തങ്ങിനിൽക്കുന്ന ഇടങ്ങളിലാണ്. അതു കൊണ്ടുതന്നെ കൊതുകു നശീകരണത്തിന്റെ പ്രധാന ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. കൊതുകു മുട്ടയിടുന്ന ഇടങ്ങൾ കണ്ടെത്തി നശിപ്പിക്കുകയാണ് ഏറ്റവും പ്രധാനം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *