പത്തനംതിട്ട: പെരുനാട് പൊന്നംപാറയില്‍ അച്ഛനെയും മകനെയും അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. സുകുമാരന്‍, മകന്‍ സുനില്‍ എന്നിവര്‍ക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഇവരുടെ അയല്‍വാസിയായ പ്രസാദാണ് ഇരുവരെയും ആക്രമിച്ചത്. സംഭവശേഷം പ്രതി ഒളിവില്‍ പോയി.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സുകുമാരനെയും സുനിലിനെയും താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വ്യാഴാഴ്ച സുകുമാരന്റെ വീട്ടുപരിസരത്തുനിന്നും ചത്ത കോഴിയുടെ അവശിഷ്ടമടക്കം പൂച്ച കടിച്ചുകൊണ്ടുവന്ന് പ്രസാദിന്റെ വീട്ടുപരിസരത്തിട്ടതിനെച്ചൊല്ലി തര്‍ക്കമുണ്ടാകുകയും കൈയ്യാങ്കളിയില്‍ കലാശിക്കുകയുമയിരുന്നു.
പിന്നീട് മകന്‍ സുനില്‍ പ്രസാദിന്റെ വീട്ടിലെത്തി വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയും അടിപിടിയിലെത്തുകയുമായിരുന്നു. ഇതിനുശേഷം മാരകായുധങ്ങളുമായി സുകുമാരന്റെ വീട്ടിലെത്തിയ പ്രസാദ് ഇരുവരെയും തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രസാദിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.