കോഴിഫാമില്‍ കോഴിയെ പിടിക്കാന്‍ കയറി പുള്ളിപ്പുലി മരത്തിലെ കുരുക്കില്‍ കുടുങ്ങി. ഒടുവില്‍ വനപാലകരെത്തി രക്ഷിച്ചു. മരത്തില്‍ കുടുങ്ങിയ പുള്ളിപ്പുലിയും രക്ഷിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
അനിമല്‍ റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ റെസ്‌ക്യു സ്ഥാപകയായ നേഹ പഞ്ചമിയാണ് വീഡിയോ പങ്കുവച്ചത്.
ഒരു കോഴി ഫാമിനോട് ചേര്‍ന്നുള്ള മരത്തിലാണ് പുലി കുടുങ്ങിയത്. മരത്തില്‍ തൂങ്ങിക്കിടന്ന കമ്പിക്കെട്ടിനുള്ളില്‍ കാലുടക്കിയതോടെ പുള്ളിപുലിക്ക് രക്ഷപ്പെടാനാകുന്നില്ല.
മണിക്കൂറുകളോളം രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പുലിക്ക് കാലിലെ കുരുക്ക് ഊരാന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രദേശവാസികളും പോലീസും ചേര്‍ന്ന് നാസിക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരമറിയിച്ചു.
സ്ഥലത്തെത്തിയ നാസിക് ടീം പുലിയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. വീഡിയോയുടെ തുടക്കത്തില്‍ തൂങ്ങിക്കിടക്കുന്ന കമ്പിയില്‍ കാലുടക്കിയ നിലയില്‍ കുടുങ്ങിക്കിടക്കുന്ന പുലിയുടെ ദൃശ്യങ്ങളാണുള്ളത്.