ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുടുക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സഞ്ജയ് സിംഗ്. മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സഞ്ജയ് സിംഗ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ മദ്യനയ കേസില്‍ ജയിലില്‍ കഴിയുകയാണ് സഞ്ജയ് സിംഗ്. എക്സിലൂടെ ആം ആദ്മി പാര്‍ട്ടിയും വീഡിയോ പങ്കുവെച്ചു. കഴിഞ്ഞ മാസം വസതിയില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്.
നവംബര്‍ രണ്ടിന് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. കൂടാതെ ബിജെപിയുടെ ആവശ്യപ്രകാരമാണ് ഇഡി സമന്‍സ് അയച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പിന്നാലെയാണ് സഞ്ജയ് സിംഗിന്റെ ഗൂഢാലോചന മുന്നറിയിപ്പ്. 
നിലവില്‍ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരായ മനീഷ് സിസോദിയയും സഞ്ജയ് സിംഗും സമാന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം നടപ്പിലാക്കാത്ത മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചത് കെജ്രിവാളിനെ ജയിലിലടക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നും എഎപി ആരോപിച്ചു. ഡല്‍ഹി മദ്യനയ കേസില്‍ കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് പരാമര്‍ശിച്ചായിരുന്നു എഎപിയുടെ പ്രതികരണം. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *