ഡല്‍ഹിയിലെ വായു ഗുണ നിലവാരം മെച്ചപ്പെട്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. മഴ പെയ്തതിനെ തുടര്‍ന്നാണ് ഈ മാറ്റം. അതിനാല്‍ ഒറ്റ-ഇരട്ട കാര്‍ നിയന്ത്രണം നഗരത്തില്‍ നടപ്പിലാക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. നേരത്തെ നവംബര്‍ 13 മുതല്‍ 20 വരെ നഗരത്തില്‍ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു.
ദീപാവലിക്ക് ശേഷം വായു ഗുണനിലവാരം ഡല്‍ഹി സര്‍ക്കാര്‍ അവലോകനം ചെയ്യുമെന്നും വീണ്ടും മോശമായാല്‍ ഒറ്റ-ഇരട്ട നിയന്ത്രണ പദ്ധതിയിലേക്ക് നീങ്ങുമെന്നും റായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വായു മലിനീകരണ തോത് നിയന്ത്രിക്കുന്നതില്‍ ഒറ്റ-ഇരട്ട പദ്ധതിക്ക് സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
‘ആളുകള്‍ മരിക്കുന്നത് നോക്കി നില്‍ക്കാനാവില്ല. എല്ലാ ചീഫ് സെക്രട്ടറിമാരും നടപടിയെടുക്കണം, അല്ലാത്തപക്ഷം അവരെ ഇങ്ങോട്ട് വിളിപ്പിക്കും.’- സുപ്രീം കോടതി വ്യക്തമാക്കി. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം തടയുന്നതിനുള്ള ഒറ്റ-ഇരട്ട പദ്ധതി റോഡിലെ തിരക്ക് കുറച്ചതായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
ഡല്‍ഹി സര്‍ക്കാരിന്റെ മലിനീകരണ നിയന്ത്രണ നടപടികളെ, പ്രത്യേകിച്ച് ഒറ്റ-ഇരട്ട- പദ്ധതിയെയും സുപ്രീം കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘ഡല്‍ഹിയില്‍ ഒറ്റ-ഇരട്ട രീതി നടപ്പിലാക്കിയിട്ടുണ്ട്, പക്ഷേ അത് എപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടോ?’- സുപ്രീം കോടതി ബെഞ്ച് ചോദിച്ചു.
നവംബര്‍ 13 നും 20 നും ഇടയില്‍ ഒറ്റ-ഇരട്ട പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ റായ് പ്രഖ്യാപിച്ചിരുന്നു. രജിസ്‌ട്രേഷന്‍ നമ്പറുകളുടെ അക്കത്തെ അടിസ്ഥാനമാക്കി ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം കാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതാണ് പദ്ധതി.
അതേസമയം രാജ്യതലസ്ഥാനത്തിന് ആശ്വാസമായി രാത്രി മഴ. ഇന്നലെ ഡല്‍ഹി, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളില്‍ പെയ്ത മഴ വായു ഗുണനിലവാരം മെച്ചപ്പെടാന്‍ കാരണമായി. കര്‍ത്തവ്യ പാത, ഐടിഒ, ഡല്‍ഹി-നോയിഡ അതിര്‍ത്തി എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണുന്ന മിതമായ രീതിയില്‍ പെയ്ത മഴ കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റത്തിന് കാരണമായി.
ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) മെച്ചപ്പെട്ടു, 85 പോയിന്റാണ് ഇവിടെ രേഖപ്പെടുത്തിയത്. നഗരത്തിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണം തടയാന്‍ നവംബര്‍ 20-21 തീയതികളില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിയുമായി ഒത്തുപോകുന്നതാണ് ഈ അപ്രതീക്ഷിത സംഭവവികാസം.
ഡല്‍ഹി-എന്‍സിആറിലും, മറ്റ് പരിസര പ്രദേശങ്ങളിലും ഇന്ന് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ‘രാവിലെ ഭാഗികമായി മേഘാവൃതമായ ആകാശവും മൂടല്‍മഞ്ഞുമുണ്ട്. ഒന്നിലധികം ഇടങ്ങളില്‍ വളരെ ചെറിയ മഴ / ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്,’ ഡല്‍ഹി റീജിയണല്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ആര്‍എംസി) അറിയിച്ചു. ഇവിടെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 30 ഡിഗ്രി സെല്‍ഷ്യസും 17 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.