ഡല്‍ഹി: തന്റെ ലോകസഭാംഗത്വം റദ്ദാക്കണമെന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര.
എത്തിക്സ് കമ്മിറ്റി ‘കംഗാരു കോടതി’യാണെന്നും അന്വേഷണം ആരംഭിച്ചതു മുതല്‍ അവസാനം വരെ കുരങ്ങന്‍ ബിസിനസ്സ് നടത്തുന്ന പോലെയായിരുന്നു കമ്മിറ്റിയുടെ പെരുമാറ്റമെന്നും മൊയ്ത്ര പറഞ്ഞു. എത്തിക്സ് കമ്മിറ്റി ആദ്യം തന്നെ പുറത്താക്കണം, ശേഷം തെളിവ് കണ്ടെത്താന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും മൊയ്ത്ര പറഞ്ഞു.
എത്തിക്സ് കമ്മിറ്റി അധാര്‍മ്മികമായി പുറത്താക്കിയ ആദ്യത്തെ വ്യക്തിയായി ഞാന്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നും മൊയ്ത്ര എക്‌സില്‍ എഴുതി. ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് മൊയ്ത്രയുടെ ട്വീറ്റ്.
‘എന്നെ സംബന്ധിച്ചിടത്തോളം ഇത് ബഹുമതിയാണ്, കാരണം എത്തിക്സ് കമ്മിറ്റി അധാര്‍മ്മികമായി പുറത്താക്കിയ ആദ്യത്തെ വ്യക്തിയായി ഞാന്‍ ചരിത്രത്തിന്റെ ഭാഗമാകും. അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം സസ്‌പെന്‍ഷനാണ്. പുറത്താക്കാനുള്ള ശുപാര്‍ശ നല്‍കാന്‍ കഴിയുന്നത് പ്രിവിലേജ് കമ്മിറ്റിയ്ക്കാണ്.’- മഹുവ മൊയ്ത്ര പറഞ്ഞു.