തിരുവനന്തപുരം: ഇ പോസ് സംവിധാനം പണിമുടക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. നെറ്റ് വര്‍ക്ക് തകരാറ് മൂലമാണ് ഇന്ന് മെഷീന്‍ പ്രവർത്തിക്കാത്തത്. രാവിലെ മുതല്‍ റേഷന്‍ നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു.
റേഷന്‍ വാങ്ങാന്‍ എത്തിയ പലരും വാങ്ങാതെ മടങ്ങിയതായും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു. ഇന്നലെയും സമാനമായ പ്രശ്‌നങ്ങള്‍ റേഷന്‍ കടകളില്‍ അനുഭവപ്പെട്ടതായി വ്യാപാരികൾ പറയുന്നു. പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമെ റേഷന്‍ വിതരണം റേഷന്‍ വിതരണം പുനരാരംഭിക്കാൻ കഴിയുളളൂവെന്ന് വ്യാപാരികള്‍ വ്യക്തമാക്കി.
കേരളത്തിൽ ഇതാദ്യമായല്ല ഇ പോസ് മെഷിനുകളുടെ തകരാർ മൂലം റേഷൻ വിതരണം മുടങ്ങുന്നത്. ഇ പോസ് മെഷീന്റെ ക്ലൌഡ് മാറ്റിയിട്ടും മറ്റ് മാറ്റങ്ങൾ വരുത്തിയിട്ടും ഇപ്പോഴും അവസ്ഥ പഴയത് തന്നെ. കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇതുവരെ ഭക്ഷ്യവകുപ്പിനായിട്ടില്ല. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.