സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന് വീണ്ടും തിരിച്ചടി. കേസില്‍ ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവര്‍ത്തിച്ചു. അടുത്തമാസം ആറാം തീയതി കേസ് വീണ്ടും പരിഗണിക്കും. കൊട്ടാരക്കര കോടതിയാണ് പരിഗണിക്കുക. ഗണേഷ് കുമാറും സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് കോടതിയില്‍ എത്താന്‍ ആയിരുന്നു കൊട്ടാരക്കര കോടതിയുടെ സമന്‍സ്. ഇതിനെതിരെ ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.  
സോളാര്‍ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗണേഷ് കുമാറിനെതിരെയുള്ള പരാതി. കത്തില്‍ കൂടുതല്‍ പേജുകള്‍ എഴുതിച്ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. 
2012 സെപ്റ്റംബര്‍ 19ന് ക്ലിഫ് ഹൗസില്‍വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാരാണ് കേസ് സിബിഐക്ക് വിട്ടത്.
ഇതേ ആരോപണത്തില്‍ അടൂര്‍ പ്രകാശിനെയും കോടതി കുറ്റവിമുക്തനാക്കിയിരുന്നു.അതേസമയം നേരത്തെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ നടപടിയും കോടതി അംഗീകരിച്ചിരുന്നു. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. 
ഇതിനിടെ കേസിലെ കൈക്കൂലി ആരോപണം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. കരാര്‍ ലഭിക്കാനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ഡല്‍ഹിയിലും തിരുവനന്തപുരത്തും പണം കൈമാറിയെന്ന പരാതിക്കാരിയുടെ ആരോപണവും കളവാണെന്നു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കണ്ടെത്തി. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ അന്തിമറിപ്പോര്‍ട്ടിനെതിരെ പരാതിക്കാരി നല്‍കിയ തടസ്സഹര്‍ജി തള്ളിയാണു കോടതി ഇക്കാര്യം തീര്‍പ്പാക്കിയത്. 
ശാസ്ത്രീയമായി പരിശോധന ഉള്‍പ്പെടെ നടത്തിയാണ് കാറില്‍ വച്ച് ഇടനിലക്കാര്‍ വഴി കൈക്കൂലി നല്‍കിയെന്ന ആരോപണം ഉള്‍പ്പെടെയുള്ളവ തെറ്റാണെന്ന് സിബിഐ സ്ഥാപിച്ചത്. ആരോപണങ്ങള്‍ക്കൊന്നും തെളിവ് ഹാജരാക്കാന്‍ പരാതിക്കാരിക്കു കഴിഞ്ഞില്ല. ആരോപണങ്ങള്‍ തെറ്റാണെന്നു തെളിയിക്കുന്ന തെളിവുകള്‍ സിബിഐ ഹാജരാക്കുകയും ചെയ്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *