ആരോപണങ്ങള്‍ക്കെതിരെ പോരാടാന്‍ മഹുവ മൊയ്ത്ര സ്വയം പര്യാപ്തമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടില്‍ മൊയ്ത്രയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത് എന്തുകൊണ്ടാണെന്നും ബാനര്‍ജി ചോദിച്ചു. പശ്ചിമ ബംഗാള്‍ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് ബാനര്‍ജിയുടെ പ്രതികരണം.
‘സര്‍ക്കാരിനെതിരെയോ അദാനിയുടെ ക്രമക്കേടുകളെയോ കുറിച്ച് ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരെ സസ്പെന്‍ഡ് ചെയ്യും. എത്തിക്സ് കമ്മറ്റിയുടെ കരട് റിപ്പോര്‍ട്ട് ഞാന്‍ വായിച്ചു. മൊയ്ത്രയ്ക്കെതിരെ എന്തെങ്കിലും തെളിവ് കണ്ടെത്തിയാല്‍ നടപടിയെടുക്കാം. എന്നാല്‍ അവര്‍ക്കെതിരായി ഒരു തെളിവും ഇല്ലെങ്കില്‍ പുറത്താക്കാനുള്ള ശുപാര്‍ശ എങ്ങനെ നിങ്ങള്‍ക്ക് നല്‍കാനാകും?’- ബാനര്‍ജി ചോദിച്ചു. മഹുവ മൊയ്ത്രയ്ക്ക് സ്വയം പോരാടാനുള്ള യോഗ്യതയുണ്ടെന്ന് ഞാന്‍ കരുതുന്നു.’ അദ്ദേഹം പറഞ്ഞു. കൂടാതെ എത്തിക്സ് പാനലിന്റെ നടപടികള്‍ പക്ഷപാതപരമാണന്നും ബാനര്‍ജി ആരോപിച്ചു.
‘നിരവധി പ്രത്യേകാവകാശങ്ങള്‍ എത്തിക്സ് കമ്മിറ്റിക്ക് മുമ്പിലുണ്ട്. രമേഷ് ബിധുരി പാര്‍ലമെന്റിന്റെ അഭിമാനത്തിന് കളങ്കം വരുത്തിയതെങ്ങനെയെന്ന് നിങ്ങള്‍ കണ്ടതാണല്ലോ. ബിജെപി നേതാക്കള്‍ക്കെതിരെ പ്രമേയം കൊണ്ടുവന്നു, ഒരു കാര്യവും ഉണ്ടായില്ല. ഇഡി എന്നെയും വിളിക്കുന്നു, ഒരു കേസില്‍ ഒന്നും കണ്ടെത്തിയില്ലെങ്കില്‍, മറ്റൊരു കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു, ഇതാണ് അവരുടെ സ്റ്റാന്‍ഡേര്‍ഡ് ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
അതേസമയം അധ്യാപക നിയമന അഴിമതിക്കേസില്‍ ഇത് രണ്ടാം തവണയാണ് ബാനര്‍ജിക്ക് ഇഡി സമന്‍സ് അയക്കുന്നത്. കഴിഞ്ഞ തവണ എട്ടുമണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും, ഇത്തവണ ഒരു മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചു. ഏതാനും പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ ഇഡി തന്നെ വിളിച്ചിരുന്നുവെന്നും കേസില്‍ 6,000 പേജുള്ള മറുപടി സമര്‍പ്പിച്ചതെന്നും അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബാനര്‍ജി പറഞ്ഞു.
”അവര്‍ കുറച്ച് പേപ്പറുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ആ പേപ്പറുകള്‍ സമര്‍പ്പിക്കാനാണ് ഞാന്‍ വന്നത്, കോടതി ഉത്തരവുണ്ട്, അതിനാല്‍ അന്വേഷണത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല, എനിക്ക് മറയ്ക്കാന്‍ ഒന്നുമില്ല, അവര്‍ വിളിക്കുമ്പോള്‍ ഞാന്‍ വരുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. 6,000 പേജുകളുടെ മറുപടി സമര്‍പ്പിച്ചിട്ടുണ്ട്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് വ്യവസായി ഹിരാനന്ദാനിയില്‍ നിന്ന് മൊയ്ത്ര കൈക്കൂലിയും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചതാണ് കേസിനാധാരം. പണം, ആഡംബര വസ്തുക്കള്‍, ബംഗ്ലാവിന്റെ നവീകരണം, അവധിയാഘോഷിക്കാനുള്ള യാത്രാ ചെലവുകള്‍ എന്നിവ മൊയ്ത്ര ഹിരാനന്ദാനിയില്‍ നിന്ന് കൈപ്പറ്റിയതായി ദുബെ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ മൊയ്ത്ര നിഷേധിച്ചു.