കൈക്കൂലി ആരോപണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസ് എംപി പ്രണീത് കൗറിനെ സസ്പെന്‍ഡ് ചെയ്തു. റിപ്പോര്‍ട്ടിനെ അംഗീകരിച്ച ലോക്സഭാ എത്തിക്സ് കമ്മിറ്റിയിലെ ആറ് അംഗങ്ങളില്‍ ഒരാളാണ് പ്രണീത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും കോണ്‍ഗ്രസ് എംപിയുമാണ് പ്രണീത്. ആറുപേര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചപ്പോള്‍ നാലുപേര്‍ എതിര്‍ത്തു.
ബിജെപിയെ സഹായിക്കാന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പ്രണീത് കൗറിനെ ഈ വര്‍ഷം ഫെബ്രുവരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
മഹുവ മൊയ്ത്രയ്ക്കെതിരെ പരാതി നല്‍കിയ ബിജെപി എം.പി നിഷികാന്ത് ദുബെ, പ്രണീത് കൗറിന്റെ പിന്തുണയെ പ്രശംസിച്ചു. ‘പഞ്ചാബ് എക്കാലവും ഇന്ത്യയുടെ ഐഡന്റിറ്റിക്കും ദേശീയ സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്നുവെന്നും, ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ജിയും കോണ്‍ഗ്രസ് പാര്‍ട്ടി എംപി പ്രണീത് കൗറും ദേശീയ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. പഞ്ചാബിലെ ധീരരായ മനുഷ്യരോട് ഇന്ത്യ അന്നും ഇന്നും എന്നും നന്ദിയുള്ളവരായിരിക്കും.’- ദുബെ കുറിച്ചു.
അതേസമയം മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് കരട് റിപ്പോര്‍ട്ടില്‍ സമിതി ശുപാര്‍ശ ചെയ്തിരിന്നുവെന്നും കൈക്കൂലി ആരോപണത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണത്തോടെയാണ് വിവാദത്തിന് തുടക്കമാകുന്നത്. ഇത് സംബന്ധിച്ച് നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതി. സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കത്ത്. അദാനി ഗ്രൂപ്പിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചതിന് ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് അനിഷേധ്യമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു ദേഹാദ്രായിയുടെ അവകാശവാദം.
എന്നാല്‍ ഈ ആരോപണങ്ങള്‍ മൊയ്ത്ര നിഷേധിച്ചു. ‘ലോക്സഭാ അംഗമെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ സ്വീകരിച്ചുവെന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അവര്‍ പറഞ്ഞു. കൂടാതെ ദുബെയ്ക്കും ദേഹാദ്രായിക്കുമെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു.
ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് പകരമായി മൊയ്ത്ര ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലിയും ആനുകൂല്യങ്ങളും വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപിച്ചത്. പണം, ആഡംബര വസ്തുക്കള്‍, ബംഗ്ലാവിന്റെ നവീകരണം, യാത്രാ ചെലവുകള്‍ എന്നിവ ഹിരാനന്ദാനിയില്‍ നിന്ന് കൈപ്പറ്റിയതായും ആരോപണം ഉയര്‍ന്നിരുന്നു.
ഹെര്‍മിസ് സ്‌കാര്‍ഫ്, ബോബി ബ്രൗണ്‍ മേക്കപ്പ്, ഉപയോഗത്തിനായി കാര്‍ എന്നിവയുള്‍പ്പെടെ മഹുവ മൊയ്ത്രയ്ക്ക് ഹിരാനന്ദാനി പാരിതോഷികങ്ങള്‍ നല്‍കിയതായി എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സമ്മാനങ്ങള്‍ സ്വീകരിച്ചതായും, ഹിരാനന്ദാനിയുടെ കാര്‍ ഉപയോഗിച്ചതായും മൊയ്ത്ര തന്നെ സമ്മതിച്ചിട്ടുണ്ട്.