ആഹാരം പാകപ്പെടുത്തി വിളമ്പുന്നതുവരെയുള്ള യാത്രയിൽ എവിടെ വച്ചും ആഹാരം വിഷമയമാകാം എന്ന നേരറിവു കൂടിയുണ്ടാകണമെന്നർഥം. കൃത്യമല്ലാത്ത റഫ്രിജറേഷനും ആഹാരം സംഭരിക്കുന്ന രീതി, വ്യക്തി ശുചിത്വത്തിലെ പോരായ്മകൾ, പരസ്പരമുള്ള അണുബാധ, മലിനീകരിക്കപ്പെട്ട ആഹാര ഉറവിടങ്ങൾ, അപൂർണമായ പാചകം, താപനിലയിൽ വരുന്ന തെറ്റുകൾ എന്നിങ്ങനെ ഭക്ഷ്യവിഷബാധയ്ക്കു വഴിയൊരുക്കുന്ന കുറേ അപായ ഘടകങ്ങളുണ്ട്.
കൈകൾ എത്രത്തോളം നന്നായി വൃത്തിയാക്കുന്നുവോ പാതിയോളം ആഹാരജന്യരോഗങ്ങളെ ഒഴിവാക്കാനാകുമെന്നാണ്. 20 സെക്കൻഡു നേരമെടുത്ത് കൈകൾ കഴുകാം. ഇളംചൂടുള്ള സോപ്പുവെള്ളം തന്നെ ഉപയോഗിക്കുക. കൈകളുടെ ഉൾവശവും പുറംഭാഗവും കൈത്തണ്ടയും നഖങ്ങളുടെ അടിഭാഗവും വൃത്തിയാക്കണം. തുടർന്ന് ശുദ്ധജലത്തിൽ കൈകൾ നന്നായി കഴുകുക. അതിനുശേഷം വൃത്തിയുള്ള തുണിയിൽ കൈകൾ തുടച്ചുണക്കുക.
വേവിക്കാത്ത മാംസം, മുട്ട, പഴങ്ങൾ, പച്ചക്കറികൾ ഇവ കൈകാര്യം ചെയ്തതിനുശേഷം കൈകൾ നന്നായി കഴുകണം. ആഹാരം പാകപ്പെടുത്തിയതിനുശേഷവും ടോയ്‌ലറ്റ് ഉപയോഗത്തിനുശേഷവും കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ഡയപ്പർ മാറ്റിയതിനുശേഷവും കൈകൾ കഴുകുക എന്നതു പ്രധാനമാണ്. ചുമയ്ക്കും തുമ്മലിനും ശേഷവും വേസ്റ്റ് മാറ്റിയതിനും അഴുക്കു പാത്രങ്ങൾ കഴുകിയതിനുശേഷവും കൈകൾ വൃത്തിയാക്കണം.
അടുക്കളയിലെ പ്രതലങ്ങൾ, കൗണ്ടർ ടോപ്പുകൾ, കട്ടിങ് ബോഡുകൾ, മിക്സി, ജൂസർ, അവ്ൻ ഉൾപ്പെടെ അടുക്കളയിലെ ഉപകരണങ്ങളെല്ലാം സാമാന്യം ചൂടുള്ള സോപ്പുവെള്ളം കൊണ്ടു വൃത്തിയാക്കണം. അടുക്കളയിൽ പാറ്റ, പല്ലി, ചിലന്തി എന്നിവയെയും നിയന്ത്രിക്കണം. പ്രതലങ്ങൾ വൃത്തിയുള്ളതാകുമ്പോൾ ഇത്തരം ജീവികളുടെ ശല്യവും കുറയും. തലേ ദിവസത്തെ വേസ്റ്റ് അടുക്കളയിൽ സംഭരിക്കുന്ന ശീലവും ഒഴിവാക്കുക.