കണ്ണൂർ ∙ ഡിസംബർ മുതൽ ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സർവീസ് കൂടി ആരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ്. യൂറോപ്പിലേക്ക് ഉൾപ്പെടെ കണക്‌ഷൻ  സാധ്യമാവുന്ന തരത്തിൽ രാത്രിയിലായിരിക്കും ഈ സർവീസ്. 15 മുതൽ ആരംഭിക്കുന്ന പ്രതിദിന സർവീസിനു പുറമെയാണിത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം കണ്ണൂരിൽ നിന്നു സർവീസ് ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും എയർഇന്ത്യ എക്സ്പ്രസ് സൗത്ത് ഇന്ത്യ സെയിൽസ് ഹെഡ് എസ്.പ്രവീൺ കുമാർ പറഞ്ഞു.
ജിദ്ദ, ദുബായ്, ദമാം, കൊളംബോ, ക്വാലാലംപൂർ, ഫുക്കറ്റ്, മാലി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കു രാജ്യാന്തര സർവീസുകളും പരിഗണനയിലുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വർധിപ്പിക്കുന്നതു സംബന്ധിച്ചു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ എയർഇന്ത്യ എക്സ്പ്രസ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പു നൽകിയത്.
വടക്കേ മലബാറിന്റെയും വയനാടിന്റെയും കുടക് മേഖലയുടെയും കവാടമായി കണ്ണൂരിനെ മാറ്റാവുന്ന തരത്തിൽ ടൂറിസം പാക്കേജുകൾ തയാറാക്കുന്നുണ്ടെന്നു നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ പ്രതിനിധികൾ അറിയിച്ചു. വടക്കേ മലബാറിലേക്കും ഇവിടെനിന്നു പുറത്തേക്കും ടൂർ പാക്കേജുകൾക്ക് അനുയോജ്യമായ തരത്തിൽ ശ്രീനഗർ ഉൾപ്പെടെ രാജ്യത്തെ പ്രധാനനഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന സർവീസുകൾ പരിഗണിക്കുമെന്നും എയർഇന്ത്യ എക്സ്പ്രസ് പ്രതിനിധിസംഘം ഉറപ്പു നൽകി.
വടക്കേ മലബാറിന്റെ ടൂറിസം സാധ്യതകൾ എയർഇന്ത്യ സർവീസുകളുള്ള രാജ്യത്തെയും വിദേശത്തെയും എല്ലാ നഗരങ്ങളിലും പരിചയപ്പെടുത്തും. ഇന്നലെ സർവീസ് ആരംഭിച്ച തിരുവനന്തപുരം റൂട്ടിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പഠനയാത്രകൾക്കു ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ പാക്കേജുകൾ നൽകുമെന്നും പ്രതിനിധികൾ അറിയിച്ചു.ചേംബർ പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ അധ്യക്ഷത വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *