ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ബൂം ബാരിയർ സംവിധാനം പ്രവർത്തനം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രവർത്തനം. ഇതോടെ സർക്കാർ മെഡിക്കൽ കോളജുകളിൽ  ബൂം ബാരിയർ സംവിധാനമുള്ള ആദ്യ മെഡിക്കൽ കോളജ് ആയി കോട്ടയം മാറി. ആശുപത്രിയിലെത്തുന്ന വാഹനങ്ങൾ ഇനി മുതൽ ഇതുവഴി മാത്രമേ പുറത്തേക്കു കടത്തി വിടുകയുള്ളൂ. പാർക്കിങ് ഫീസും ഇവിടെ അടയ്ക്കണം. ആശുപത്രിക്കുള്ളിൽ അനാവശ്യമായി വാഹനങ്ങൾ കയറിയിറങ്ങുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 
ആശുപത്രിയിൽ എത്തുന്ന ഓരോ വാഹനങ്ങളും നിരീക്ഷിക്കാൻ സിസിടിവി ക്യാമറകളും സജ്ജമായി. 26 ക്യാമറകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങൾ എപ്പോൾ പ്രവേശിച്ചു, എവിടെ പാർക്ക് ചെയ്യുന്നു, എത്രസമയം ചെലവഴിക്കുന്നു എന്നു തുടങ്ങിയവയെല്ലാം ഇനി മുതൽ രേഖപ്പെടുത്തും. തോന്നുംപടി വാഹനം കൊണ്ടു പോകാനോ, അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാനോ കഴിയാത്ത നിലയിലാണ് പുതിയ ഗതാഗത സംവിധാനം. 
സാമൂഹിക വിരുദ്ധരും കുറ്റവാളികളും ആശുപത്രി വളപ്പിൽ തമ്പടിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ബൂം ബാരിയറും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്. മുൻപ് ആശുപത്രിയിൽ നിന്നു നവജാത ശിശുവിനെ തട്ടിയെടുക്കാനുള്ള ശ്രമം നടന്നിരുന്നു. മോഷണങ്ങളും പെരുകുന്നുവെന്നു പരാതി ഉയർന്നിട്ടുണ്ട്. അനധികൃത പാർക്കിങ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനെല്ലാം പരിഹാരം കാണാനെന്ന ഉദ്ദേശത്തോടെയാണ്  പുതിയ സംവിധാനം. 

By admin

Leave a Reply

Your email address will not be published. Required fields are marked *