ജിദ്ദ: ഒരു അത്യാധുനിക അമേരിക്കൻ എംക്യു 9 റീപ്പർ ഡ്രോൺ യമൻ വ്യോമാതിർത്തിയിൽ വെച്ച് തങ്ങൾ വെടിവെച്ചിട്ടതായി യമനിലെ ഷിയാ – ഇറാൻ അനുകൂല സായുധ വിഭാഗമായ ഹൂഥികൾ അറിയിച്ചു. ഭരണകൂടത്തെ പിന്തുണച്ച് വിമാനം ഓപ്പറേഷൻ നടത്തുന്നതിനിടെ, യമനിലെ സായുധസേന ഒരു അഡ്വാൻസ്ഡ് അമേരിക്കൻ ഡ്രോൺ വെടിവച്ചിട്ടതായി പ്രഖ്യാപിച്ചു.
യമൻ നാവികാതിർത്തിയിൽ പറക്കുന്നതിനിടെ ഉപരിതല – ആകാശ മിസൈൽ ഉപയോഗിച്ചാണ് ഡ്രോൺ വീഴ്ത്തിയതെന്ന് ഹൂഥി സായുധ സേന ബുധനാഴ്ച അൽമസിറ ടെലിവിഷനിലൂടെ പുറത്തു വിട്ട പ്രസ്താവന വിവരിച്ചു. ഇസ്രായേലിന് വേണ്ടി ചാരപ്പണി നടത്തികൊണ്ടിരിക്കുകയായിരുന്നു അമേരിക്കൻ ഡ്രോൺ എന്നാണ് ഹൂഥികളുടെ വാദം.
“യെമനിലെ സായുധ സേനയ്ക്ക് രാജ്യത്തെ പ്രതിരോധിക്കാനും എല്ലാ ശത്രുതാപരമായ ഭീഷണികളെയും നേരിടാനുമുള്ള ന്യായമായ അവകാശമുണ്ട്” വാർത്ത പുറത്ത് വിട്ട്കൊണ്ടു ഹൂഥി സേന വാക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സരീഅ പറഞ്ഞു.
ഫലസ്തീൻ ജനതയെ പിന്തുണച്ച് അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേൽ ലക്ഷ്യങ്ങൾക്കെതിരെ യെമൻ സായുധ സേന വലിയ തോതിലുള്ള സൈനിക ആക്രമണം നടത്തിയിട്ടുണ്ടെന്നും അധിനിവേശ ഭരണകൂടം ഗാസയ്‌ക്കെതിരായ യുദ്ധം തുടരുന്നിടത്തോളം ഇസ്രയേലിനെതിരെയുള്ള ആക്രമണം തുടരുമെന്നുമാണ് ഹൂഥികളുടെ നിലപാട്.
ആറ് വർഷങ്ങൾക്ക് മുമ്പ് 2017 ഒക്ടോബർ 1 നാണ് തലസ്ഥാനമായ സനആയുടെ വ്യോമാതിർത്തിയിൽ ചാരനീക്കം നടത്തുന്നതിനിടെ യമൻ വ്യോമ പ്രതിരോധസേന ഇത്തരത്തിലുള്ള ആദ്യത്തെ വിമാനം വെടിവെച്ചിട്ടത്.