ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധി നവംബര്‍ 14 ന്. ഇന്ന് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദംകേട്ട ശേഷമാണ് നവംബര്‍ 14ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്. ബാലികയെ നിഷ്‌കരുണം കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ പ്രഖ്യാപിക്കുന്നത് ശിശുദിനത്തിലാണെന്നതും പ്രത്യേകതയാണ്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. ഈ കുട്ടി ജനിച്ച വർഷം മറ്റൊരു കുട്ടിയെ ഡൽഹിയിൽ വച്ച് പീഡിപ്പിച്ച പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസീക്യൂഷൻ വാദിച്ചു.
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ്‌ ശിക്ഷ വിധിക്കുക. ഇന്ന് പ്രതിയുടെ മാനസിക നില പരിശോധിച്ച് സർക്കാർ നൽകിയ റിപ്പോർട്ട്‌ അംഗീകരിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
കേസിൽ സ്വതന്ത്ര ഏജൻസി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 27 വയസാണ് അസ്‌ഫാക് ആലത്തിന്റെ പ്രായം.
പ്രതിയുടെ മാനസിക നില പരിശോധനാ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. പ്രതി കുറ്റക്കാരനെന്ന് കോടതി വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ പ്രൊസിക്യൂഷൻ ഇതിനെ എതിർത്തിരുന്നു. അഞ്ചുവയസുകാരിക്ക് നേരെയുണ്ടായത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും വാദിച്ച പ്രൊസിക്യൂഷൻ പ്രതിക്ക് യാതൊരു മാനസിക പ്രശ്നവും ഇല്ലെന്നാണ് പറഞ്ഞത്.
100 ദിവസം പ്രതിയിൽ യാതൊരു വിധത്തിലുള്ള മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ കേസായിട്ടാണ് ഇത് പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ആവശ്യമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *